തിരുവനന്തപുരം: നാഗ്പൂരില്‍ മരിച്ച സൈക്കിള്‍ പോളോ താരം ഫാത്തിമ നിദാസ് ഷിഹാബുദ്ദീന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അയച്ച കത്തിൽ നടപടി സ്വീകരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് അയച്ച കത്തിലാണ് നടപടി സ്വീകരിച്ചത്.
കത്ത് എൻഗേജ്മെന്റ് വിഭാഗത്തിന് കൈമാറിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു. കൂടുതൽ നടപടിക്കായാണ് കത്ത് എൻഗേജ്മെന്റ് വിഭാഗത്തിന് കൈമാറിയത്. നടപടികൾ ഉടൻ തന്നെ പ്രതീക്ഷിക്കാമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. ഷിൻഡെയ്ക്ക് കഴിഞ്ഞ ദിവസമാണ് മന്ത്രി ശിവൻകുട്ടി കത്തയച്ചത്. അന്വേഷണത്തിൽ കുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിച്ചില്ലെന്ന് ഉൾപ്പെടുത്തണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
ഫാത്തിമയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എ എം ആരിഫ് എംപി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിനെ കണ്ട് പരാതി നൽകിയിട്ടുണ്ട്. ഡിസംബർ 22നായിരുന്നു ഫാത്തിമ നിദാസിന്റെ (10) മരണം. സൈക്കിൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ഫാത്തിമ ഉൾപ്പെടുന്ന ടീമിന് ഭക്ഷണവും താമസവും നൽകിയില്ലെന്ന ആരോപണം ഉയർന്നതോടെയാണ് എ എം ആരിഫ് വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്.
STORY HIGHLIGHTS: shinde handed over the letter seeking an inquiry of nida fathima death