ത്രിപുര: തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകരുതെന്ന് സിപിഐഎം.ത്രിപുരയില്‍ ക്രമസമാധാന പാലനവും ജനാധിപത്യവും സ്ഥാപിക്കാന്‍ രൂപംകൊളളുന്ന പ്രതിപക്ഷ സഖ്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഭാഗമാക്കരുതെന്ന് സിപിഐഎം. പശ്ചിമ ബംഗാളില്‍ ജനാധിപത്യത്തെ ഇല്ലാതാക്കുന്ന വിഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസിനെ സംസ്ഥാനത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും സിപിഐഎം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി കുറ്റപ്പെടുത്തി.
കൂടാതെ മറ്റ് പാര്‍ട്ടികളുമായി ഹസ്തദാനം ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായുളള ഹസ്തദാനത്തിന് തയ്യാറല്ലെന്നും ജിതേന്ദ്ര ചൗധരി പറഞ്ഞു. ‘പശ്ചിമ ബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് ജനാധിപത്യത്തെ കൊല്ലുകയാണ്. ജനാധിപത്യം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഞങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വിളിച്ചാല്‍ അത് പ്രതികൂലമായ പ്രത്യാഘാതമുണ്ടാക്കും’, അദ്ദഹം ഉറപ്പിച്ചു പറഞ്ഞു.
കോണ്‍ഗ്രസുമായും മറ്റ് നാല് ഇടതുപക്ഷ പാര്‍ട്ടികളുമായും സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചവരില്‍ ഒരാളാണ് ചൗധരി. പ്രതിപക്ഷ ഐക്യം നേടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എന്നാല്‍ ഇതുവരെ വ്യക്തമായ ഒരു ധാരണ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ജനാധിപത്യവും നിയമവാഴ്ചയും പുനഃസ്ഥാപിക്കുന്നതിനായി ഡിസംബര്‍ 28 ന് സംയുക്ത പ്രസ്താവനയിലൂടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഭരണഘടനാ വേദികളുടെ ദുരുപയോഗം, ജനാധിപത്യത്തെ തകര്‍ക്കല്‍, പ്രതിപക്ഷ നേതാക്കള്‍ക്കും അവരുടെ സ്വത്തുക്കള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, വിയോജിപ്പിന്റെ ശബ്ദങ്ങള്‍ നിശബ്ദമാക്കാന്‍ ഭരണകക്ഷിയായ ബി.ജെ.പി പൊലീസുമായി ഒത്തുകളിച്ചത് തുടങ്ങി ധാരാളം വിഷയങ്ങള്‍ പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നു.
STORY HIGHLIGHTS: CPIM says Trinamool Congress should not be part of opposition alliance