അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തൃപുരയില്‍ ബിജെപി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മജിലിഷ്പുര്‍ മണ്ഡലത്തിലെ മോഹന്‍പുരില്‍ ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അരമണിക്കൂറോളം നീണ്ടുനിന്നു. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാവ് അജയ് കുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.
പരുക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോഴും പൊലീസ് സ്റ്റേഷനില്‍ തുടരുകയാണെന്ന് എംഎല്‍എ സുദീപ് റോയ് ബര്മന് പറഞ്ഞു. സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുന്നതിനാല് പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു മന്ത്രിയാണ് അക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആരോപിച്ചു. സംഘര്‍ഷം നടന്ന മജ്ലിഷ്പുര്‍ ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രത്യേകമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെബ്രുവരി 16-നാണ് തൃപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍ നടക്കുക.
Story highlights: Congress – BJP activists clash in Tripura