തിരുവനന്തപുരം: പൊലീസിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ മുഖ്യ പ്രതി പിടിയിൽ. മംഗലാപുരം പാച്ചിറ ഷെഫീക്ക് മൻസിൽ ഷെഫീക്ക്(25) ആണ് പിടിയിലായത്. ആര്യനാട് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഷെഫീക്കിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.
നിർമ്മാണത്തിലിക്കുന്ന വീട്ടിൽ ഷെഫീക്കിനേയും കൂട്ടരേയും കണ്ട വീട്ടുടമസ്ഥൻ ഇവരെ ചോദ്യം ചെയ്തു. ഇതിനിടയിൽ പ്രതി ഇയാളെ കല്ല് കൊണ്ട് തലക്കടിച്ച് പരുക്കേൽപ്പിച്ചു. ശേഷം കിണറ്റിൽ തള്ളിയിട്ടു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഷെഫീക്കിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കിണറ്റിൽ വീണ വീട്ടുടമസ്ഥനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഷെഫീക്കിൻ്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു പ്രതിയായ അബിൻ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പൊലീസിന് നേരെ ബോംബെറിഞ്ഞത്. ഇതിനോടകം തന്നെ കേസിൽ നാല് പേരെ അറസ്റ്റു ചെയ്തു. സംഭവ ദിവസം തന്നെ പ്രതിയായ ഷെഫീക്കിൻ്റെ മാതാവ് ഷീജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ കേസിലെ പ്രതിയും ഷെഫീക്കിൻ്റെ സഹോദരനുമായ ഷമീർ ജയിലിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് ഷെമീറിനെ കാവിൽ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നിരവധി കേസുകളിൽ പ്രതിയാണ് പിടിക്കപ്പെട്ട ഷെഫീക്ക്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ് അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു പൊലീസിന് നേരെ ആക്രമണം ഉണ്ടായത്. രണ്ട് തവണ ഷഫീക്ക് ബോംബെറിഞ്ഞന്നാണ് വിവരം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷെഫീക്കിന് വേണ്ടി ശക്തമായ അന്വേഷണം നടത്തിയിരുന്നു. ആര്യാടൻ പൊലീസിൽ നിന്ന് മംഗലാപുരം പൊലീസിലേക്ക് പ്രതിയെ ഉടൻ കൈമാറും.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Story Highlights: Bomb attack on Police in Thiruvananthapuram Accused Shafiq Arrested