കേരളത്തിലെ തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കുന്ന രണ്ട് താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. താരരാജക്കന്മാർ എന്ന് മലയാളി പ്രേക്ഷകർ അറിഞ്ഞ് പേരിട്ട മഹാനടന്മാരുടെ സിനിമ ഒരേ ദിവസം റിലീസിനെത്തിയാൽ അത് അഘോഷത്തോടെ ബോക്സ് ഓഫീസിൽ കയറ്റുന്നതും അതേ ആരാധകർ തന്നെ. മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങൾ ഒരേ ദിവസവും ദിവസങ്ങളുടേയോ അഴ്ച്ചകളുടേയോ വ്യത്യാസത്തിൽ അത് സംഭവിക്കാറുണ്ട്. എന്നാലിപ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി-മോഹൻലാൽ ആരാധകർക്ക് തിയേറ്ററുകൾ ആഘോഷമാക്കാൻ രണ്ട് ചിത്രങ്ങൾ ഒരുമിച്ചെത്തുകയാണ്.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന ക്രിസ്റ്റഫർ, ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ ആടുതോമയായി എത്തിയ സ്ഫടികം സിനിമയുടെ റീമാസ്റ്റേർഡ് പതിപ്പുമാണ് ഒരേ ദിവസം തിയേറ്ററുകളിൽ എത്തുന്നത്. ഫെബ്രുവരി ഒമ്പതിനെത്തുന്ന ഇരു ചിത്രങ്ങൾക്കുമായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. 1995-ൽ തിയേറ്ററുകളെ ഇളക്കിമറിച്ച സ്ഫടികം വീണ്ടും എത്തു 4കെ ദൃശ്യ മികവോടുകൂടിയാണ്.
2006 ഒക്ടോബർ 21നാണ് മമ്മൂട്ടിയുടെ പോത്തൻ വാവ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. മോഹൻലാലിന്റെ ഫോട്ടോഗ്രാഫർ ഒക്ടോബർ 24നും റിലീസിനെത്തി. എന്നാൽ രണ്ട് സിനിമകൾക്കും ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല. 2007 ജൂലൈ അഞ്ചിനാണ് മോഹൻലാലിന്റെ ഹലോ റിലീസ് ചെയ്യുന്നത്. തുടർന്ന് ജൂലൈ 12ന് മമ്മൂട്ടിയുടെ മിഷൻ 90 ഡെയ്സ് എന്ന സിനിമയും റിലീസിനെത്തി. എന്നാൽ കോമേഷ്യൽ എൻ്റർടെയ്നർ എന്ന രീതിയിൽ ബോക്സ് ഓഫീസിൽ ഇടം നേടിയത് ഹലോ ആണ്.
2007 ഏപ്രിൽ ആറിന് പുറത്തെത്തിയ ഛോട്ടാ മുംബൈയും ഏപ്രിൽ 14നെത്തിയ ബിഗ് ബി ആണ് മറ്റ് രണ്ട് ചിത്രങ്ങൾ. ഛോട്ടാ മുംബൈ എന്ന ചിത്രം ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കിയപ്പോൾ ബിഗ് ബിക്ക് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. എന്നിരുന്നാലും മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിൽ ഇടം നേടാൻ ബിഗ് ബിക്ക് പിന്നീട് സാധിച്ചു.
2008 ഏപ്രിൽ 11നാണ് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങിയ മോഹൻലാൽ ചിത്രം ഇന്നത്തെ ചിന്താവിഷയം തിയേറ്ററിലെത്തുന്നത്. ഒരാഴ്ച്ചത്തെ വ്യത്യാസത്തിൽ 17ന് അണ്ണൻ തമ്പിയും റിലീസ് ചെയ്തു. മമ്മൂട്ടി ഡബിൾ റോളിലെത്തിയ അണ്ണൻ തമ്പിയാണ് തിയേറ്ററുകളിൽ വിജയം നേടിയത്.
2009 ഒക്ടോബർ 16നാണ് മമ്മൂട്ടി നായകനായ ചരിത്ര സിനിമ പഴശ്ശിരാജ റിലീസിനെത്തിയത്. 22ന് എയ്ഞ്ചൽ ജോൺ റിലീസ് ചെയ്തു. അതുവരെ ഉള്ള കളക്ഷൻ റെക്കോർഡുകളെ മാറ്റിമറിച്ചുകൊണ്ടാണ് പഴശ്ശിരാജയെ ബോക്സ് ഓഫീസ് സ്വീകരിച്ചത്. 2010 സെപ്തംബർ ഒമ്പതിന് റിലീസിനെത്തിയ സിനിമയാണ് മോഹൻലാലിന്റെ ശിക്കാർ. തൊട്ടടുത്ത ദിവസം തന്നെ മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടനും റിലീസിനെത്തിയിരുന്നു. താരതമ്യേന ശിക്കാർ ആണ് തിയേറ്ററുകളിൽ വിജയം നേടിയത്.
2010 ഡിസംബർ ഒമ്പതിനാണ് മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ മമ്മൂട്ടി ചിത്രം ബെസ്റ്റ് ആക്ടർ എത്തുന്നത്. 16ന് മേജർ രവി- മോഹൻലാൽ കൂട്ടുകെട്ടിൽ കാണ്ഡഹാറും റിലീസിനെത്തി. രണ്ട് സിനിമകളും ഒരാഴ്ച്ച വ്യത്യാസത്തിൽ റിലീസ് ചെയ്തെങ്കിലും കളക്ഷൻ നേടിയത് ബെസ്റ്റ് ആക്ടർ ആണ്. 2015 ഓഗസ്റ്റ് 20ന് റിലീസിനെത്തിയ സിനിമയാണ് മോഹൻലാലിന്റെ ലോഹം. ഓഗസ്റ്റ് 27ന് മമ്മൂട്ടി ചിത്രം ഉട്ടോപ്യയിലെ രാജാവും തിയേറ്ററിൽ എത്തി. ലോഹമാണ് ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിച്ചത്.
2016 ഒക്ടോബർ ഏഴിന് റിലീസിനെത്തിയ മോഹൻലാൽ-മമ്മൂട്ടി ചിത്രമാണ് പുലിമുരുകനും തോപ്പിൽ ജോപ്പനും. രണ്ട് സിനിമകളും ഒരേ ദിവസം എത്തിയങ്കിലും ബോക്സ് ഓഫീസ് തകർത്ത് റെക്കോർഡിട്ടത് പുലിമുരുകനാണ്. 25 കോടി ബജറ്റിലൊരുങ്ങിയ ചിത്രം നേടിയത് 150 കോടിയാണ്.
Story Highlights: Christopher and Spadikam movie to release on the same day