ബെയ്ജിങ്ങ്: യുഎസ് വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്വാന് പ്രാധാന്യം നല്‍കിയതില്‍ പ്രതിഷേധിച്ച ചൈന 24 മണിക്കൂറിനിടെ തായ്വാന് നേരെ 71 യുദ്ധ വിമാനങ്ങളും ഏഴ് കപ്പലുകളും അയച്ചതായി തായ്വാന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ശനിയാഴ്ച്ചയാണ് യുഎസ് വാര്‍ഷിക പ്രതിരോധ ബില്‍ പാസ്സാക്കിയത്. ബില്ലില്‍ തായ്വാനുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളില്‍ ചൈന രോഷം പ്രകടിപ്പിച്ചിരുന്നു. ഞായറാഴ്ച്ച രാവിലെ ആറ് മണിക്കും തിങ്കളാഴ്ച്ച രാവിലെ ആറ് മണിക്കും ഇടയിലാണ് ചൈന യുദ്ധവിമാനങ്ങള്‍ തായ്വാന് ആകാശപാതയിലൂടെ കടന്നു പോയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.
തായ്വാന് സ്വയംഭരണ പ്രദേശമെന്ന് അവകാശപ്പെടുമ്പോഴും തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണ് അതെന്നാണ് ചൈനയുടെ വാദം. ചൈനയുടെ സൈനിക പീഡനം സമീപ വര്‍ഷങ്ങളില്‍ നിരവധി തവണ ഉണ്ടായിട്ടുണ്ട് എന്നാണ് തായ്വാന്റെ ആരോപണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ദിവസേന യുദ്ധ വിമാനങ്ങളും കപ്പലുകളും ദ്വീപിലേക്ക് അയച്ചിട്ടുണ്ട് എന്നും ആരോപിക്കുന്നു.
ബില്‍ പാസ്സാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധം പ്രകടിപ്പിച്ച ചൈനയുടെ 47 യുദ്ധവിമാനങ്ങളാണ് തായ്വാന് കടലിടുക്കിന്റെ മീഡിയന് മുറിച്ചുകടന്നത്. ഇത് ഒരു അനൗദ്യോഗിക അതിര്‍ത്തിയാണെന്ന് തായ്വാന് ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തായ്വാനിലേക്ക് ചൈന അയച്ച വിമാനങ്ങളില്‍ 18 ജെ-16 യുദ്ധവിമാനങ്ങളും 11 ജെ-1 യുദ്ധവിമാനങ്ങളും 6 എസ്യു-30 യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉള്‍പ്പെടുന്ന വന്‍ വ്യോമ സന്നാഹം ഉള്‍പ്പെട്ടിരുന്നു.
കര അധിഷ്ഠിത മിസൈല്‍ സംവിധാനങ്ങളിലൂടെയും സ്വന്തം നാവികസേനയുടെ കപ്പലുകളിലൂടെയും ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതായി തായ്വാന് അറിയിച്ചു. ‘നിലവിലെ യുഎസ്-തായ്വാന് ബന്ധത്തിനും പ്രകോപനത്തിനുമുള്ള ഉറച്ച പ്രതികരണമാണിത്,’ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡിന്റെ വക്താവ് ഷി യി ഞായറാഴ്ച രാത്രി തന്റെ പ്രസ്താവനയില്‍ പ്രതികരിച്ചത്. ചൈനയെ തന്ത്രപരമായ വെല്ലുവിളിയെന്നാണ് യുഎസ് പ്രതിരോധ ചെലവ് ബില്ലില്‍ വിശേഷിപ്പിച്ചിരുന്നത്. ഇതിനെതിരെ പരാമര്‍ശിക്കുകയായിരുന്നു ഷി യി. ഇന്തോ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട്, തായ്വാനുമായുള്ള സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് നിയമനിര്‍മ്മാണം അംഗീകാരം നല്‍കുന്നെന്നും അദ്ദേഹം ആരോപിച്ചു.
തായ്വാനെ പിന്തുണച്ചുള്ള യുഎസ് ഗവണ്മെന്റ് നടപടികളില്‍ പ്രതിഷേധിച്ച് ചൈനയുടെ സൈന്യം പലപ്പോഴും സൈനികാഭ്യാസങ്ങള്‍ തായ്വാനെതിരെ നടത്തിയിട്ടുണ്ട്. യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന് സന്ദര്‍ശനത്തിന് മറുപടിയായി ഓഗസ്റ്റില്‍ ലൈവ്-ഫയര്‍ സൈനികാഭ്യാസം നടത്തിയിരുന്നു. ദ്വീപിലേക്ക് വിദേശ ഗവണ്മെന്റുകള് നടത്തുന്ന സന്ദര്‍ശനങ്ങള്‍ തായ്വാന് സ്വതന്ത്രമായി അംഗീകരിക്കുന്നതും ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ചൈനയുടെ പരമാധികാര അവകാശവാദത്തിനെതിരായ വെല്ലുവിളിയായാണ് ഇതിനെ ചൈന നോക്കിക്കാണുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
Story Highlights: China sends 71 warplanes, 7 ships toward Taiwan in 24 hours