അബുദാബി: താമസസ്ഥലങ്ങളില്‍ അനധികൃതമായി ആളുകളെ പാര്‍പ്പിച്ചാൽ കര്‍ശന നടപടിയെടുക്കുമെന്ന് യുഎഇ. ഇത്തരം നിയമലംഘനം നടത്തുന്നവരില്‍ നിന്നും ഒരു ദശലക്ഷം ദിര്‍ഹം പിഴയീടാക്കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. താമസസ്ഥലങ്ങളില്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്നത് പൊതു ആരോഗ്യസുരക്ഷയ്ക്കും ശുചിത്വത്തിനും വെല്ലുവിളി ഉയർത്തും. ഇത് തടയുകയാണ് നിയമം കര്‍ശനമാക്കുന്നതിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.
2023ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത്തരം നിയമലംഘനം കണ്ടെത്താനുള്ള പരിശോധന കര്‍ശനമാക്കും. മുനിസിപ്പാലിറ്റി, ഗതാഗത വിഭാഗങ്ങളാണ് പരിശേധനകളില്‍ ഏര്‍പ്പെടുക. 2019 നിയമ നമ്പര്‍ 8 പ്രകാരം താമസ ഇടങ്ങളില്‍ അനുവദിച്ച സൗകര്യത്തിലധികം ആളുകള്‍ തിങ്ങി പാര്‍ക്കുന്നത് പൂര്‍ണ്ണമായും തടയാന്‍ കര്‍ശന പരിശോധന സഹായിക്കുമെന്നാണ് സൂചന.
താമസ ഇടങ്ങളുടെ ശുചിത്വം, സുരക്ഷയുടെ അഭാവം, നഗരത്തിന്റെ രൂപം മാറ്റല്‍ എന്നിവ സംബന്ധിച്ച നിയമലംഘനങ്ങളാണ് പരിശോധനക്ക് വിധേയമാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി പരാതി ലഭിച്ച താമസ പ്രദേശങ്ങളില്‍ പരിശോധന നടത്തും. നിരോധിത ഏരിയകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഇത്തരം പരാതികളില്‍ ഉള്‍പ്പെടും. ഒരു താമസക്കാരന് അനുവദിച്ച സ്ഥലത്ത് മറ്റൊരാള്‍ വാഹനം പാര്‍ക്കുചെയ്യുക, തുടര്‍ച്ചയായി മറ്റുള്ള താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ബഹളം വെയ്ക്കുക എന്നിവ താമസ ഇടങ്ങളിലെ നിയമ ലംഘനമായി കണക്കാക്കും.
STORY HIGHLIGHTS:Strict action will be taken if people are kept illegally in residences says UAE