തിരുവനന്തപുരം: ഓൺലൈൻ വഴി മുസ്ലിം ലീഗ് അംഗത്വം നേടിയവരിൽ ഷാരൂഖ് ഖാൻ, മമ്മൂട്ടി, ആസിഫ് അലി, മിയ ഖലീഫ തുടങ്ങിയവർ. നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽ ആണ് ഇവർക്ക് അംഗത്വം ഉള്ളത്. കേരളത്തിൽ ലീഗിന്റെ അംഗത്വ വിതരണം കഴിഞ്ഞ 31നാണ് അവസാനിച്ചത്.
വീടുകൾതോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. ഇങ്ങനെ അംഗങ്ങളാകുന്നവർ ഓൺലൈനായി പേരും ആധാർ നമ്പറും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പറും ഫോൺ നമ്പറും അപ്ലോഡ് ചെയ്യണം. ഓരോ വാർഡിനും ഓരോ പാസ്വേഡും നൽകിയിരുന്നു. കോഴിക്കോട്ടുള്ള ഐടി കോ-ഓർഡിനേറ്റർക്കേ പിന്നീട് ഇത് തുറന്നു പരിശോധിക്കാൻ സാധിക്കൂ. ഇത്തരത്തിൽ ഓൺലൈൻ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് നേതൃത്വം ഞെട്ടിക്കുന്ന പട്ടിക കണ്ടത്.
ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജിയാണ് തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ് ഓഫിസർ. സംഭവം ശ്രദ്ധയിൽപെട്ടെന്നും അന്വേഷണത്തിന് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. സാധാരണ പാർട്ടി അംഗങ്ങൾ തന്നെയാണ് അംഗത്വവിതരണം നടത്തുന്നത്. ചിലയിടങ്ങളിൽ കംപ്യൂട്ടർ സെന്ററുകളെ ഏൽപ്പിക്കുകയയും അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചതാകുമെന്നും ഒരു വിഭാഗം ആക്ഷേപം ഉന്നയിക്കുന്നു. വട്ടിയൂർക്കാവ്, പാളയം തുടങ്ങിയ സ്ഥലങ്ങളിലും അംഗത്വവിതരണത്തിൽ ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ട്.
അംഗത്വവിതരണം പൂർത്തിയായപ്പോൾ തലസ്ഥാനത്ത് 59551 ആണ് പാർട്ടി അംഗങ്ങൾ. സംസ്ഥാനത്ത് ലീഗിന്റെ അംഗസംഖ്യ 24.33 ലക്ഷം ആയെന്നാണ് കണക്ക്. 2016നെക്കാൾ 2.33 ലക്ഷം അംഗങ്ങളുടെ വർധന. അംഗങ്ങളിൽ പകുതിയിലേറെ സ്ത്രീകൾ ആണ്.
Story Highlights: Shah Rukh Khan Mammootty Asif Ali in Nemom Muslim League membership list