ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കലിനോടനുബന്ധിച്ച് നടക്കുന്ന ജല്ലിക്കെട്ടുകളിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മധുര പാലമേടിലും ട്രിച്ചി സൂരിയൂരിലും പുരോഗമിക്കുന്ന ജല്ലിക്കെട്ടുകളിലാണ് രണ്ട് പേർ മരിച്ചത്. അരവിന്ദൻ, തമിഴരശൻ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പാലമേട് ജെല്ലിക്കട്ടിൽ പതിനേഴ് പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്.
മധുരയിലെ ആവണിയാപുരത്ത് നടന്ന ജെല്ലിക്കെട്ടിൽ 60 പേർക്ക് പരുക്കേറ്റു. ഇതിൽ 20 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിസാര പരിക്കുകളോടെ 40 പേർ ചികിത്സ തേടി. പരുക്കേറ്റവരെ രാജാജി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പങ്കെടുക്കുന്നവരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അനീഷ് ശേഖർ പറഞ്ഞു. അളങ്കാനല്ലൂർ ജല്ലിക്കെട്ട് നാളെയാണ് നടക്കുക. കഴിഞ്ഞ തവണയും കാളയുടെ കുത്തേറ്റ് ഒരാൾ മരിച്ചിരുന്നു.
STORY HIGHLIGHTS: Two dead during Jallikattu event in tamil nadu