ഖത്തര്‍ ലോകകപ്പിലെ പരാജയത്തിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയ്ക്ക് ശേഷം ബ്രസീല്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് ഫ്രെഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ വരുമെന്ന് റിപ്പോര്‍ട്ട്. 1998 ല്‍ ഫ്രാന്‍സിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച താരമാണ് സിനദിന്‍ സിദാന്‍. മുന്‍ റയല്‍ മാഡ്രിഡ് പരിശീലകനായി ടീമിന് വലിയ വിജയങ്ങള്‍ സമ്മാനിച്ച സിദാനെയാണ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബ്രസീല്‍ ഇപ്പോള്‍ പരിഗണിച്ചു വരുന്നത്. ഫ്രഞ്ച് പത്രമായ ലാ എക്വിപ്പ് ആണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
റഷ്യന്‍ ലോകകപ്പിലും ഖത്തര്‍ ലോകകപ്പിലും ബ്രസീലിന് ക്വാര്‍ട്ടര്‍ കടമ്പ പോലും കടക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് വിദേശ പരിശീലകനെ നിയമിക്കുക എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. 2002 ലെ ലോകകപ്പ് വിജയത്തിന് ശേഷം 2014 ല്‍ മാത്രമാണ് ബ്രസീല്‍ അലസാന നാലിലെത്തുന്നത്. കാര്‍ലോ ആന്‍സലോട്ടി, റാഫേല്‍ ബെനറ്റിസ്, തോമസ് ടുഹേല്‍, ഹോസെ മൗറീന്യോ, മൗറീഷ്യോ പൊച്ചെറ്റിനോ എന്നിങ്ങനെ പല പേരുകള്‍ ടിറ്റെയുടെ പകരക്കാരനായി എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
2021 വരെ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം രാജിവെച്ച സിദാന്‍ ഫ്രീ ഏജന്റായി തുടരുകയാണ്. 2012 മുതല്‍ ഫ്രെഞ്ച് മുഖ്യ പരിശീലകനായ ദിദിയര്‍ ദെഷാംപ്‌സ് സ്ഥാനമൊഴിഞ്ഞാല്‍ സിദാന്‍ ആ പദവിയിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് നേരത്തെ ഉണ്ടായിരുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായി എറിക് ടെന്‍ഹാഗിന് മുന്നെ പരിഗണിച്ചതും സിദാനെയായിരുന്നു. സിദാന്റെ കീഴില്‍ തുടര്‍ച്ചയായ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും രണ്ട് ലാ ലിഗ കിരീടങ്ങളുമാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്.
എന്നാല്‍ ബ്രസീല്‍ പരിശീലകനായി വിദേശികളായ പരിശീലകരെ നിയമിക്കരുതെന്ന് പറഞ്ഞ് മുന്‍ ബ്രസീല്‍ താരം റിവാള്‍ഡോ രംഗത്തെത്തിയിരുന്നു. വിദേശ പരിശീലകരെ നിയമിക്കുന്നത് ബ്രസീലിയന്‍ പരിശീലകരോടുള്ള അനാദരവാണെന്ന് പറഞ്ഞ അദ്ദേഹം വിദേശ പരിശീലകര്‍ നമ്മുടെ വിജയത്തേക്കാള്‍ അവരുടെ രാജ്യത്തിന്റെ വിജയമായിരിക്കും ആഗ്രഹിക്കുക എന്നും കൂട്ടിച്ചേര്‍ത്തു. ടീമിനെ നയിക്കാന്‍ കെല്‍പ്പുള്ള പരിശീലകര്‍ ബ്രസീലില്‍ തന്നെയുണ്ടെന്നും മുന്‍ ബാഴ്സലോണ, എസി മിലാന്‍ താരം കൂടിയായ റിവാള്‍ഡോ പറഞ്ഞിരുന്നു.
Story highlights: Brazil considering Zinedine Zidane for head coach job: Report