പ്രൈവറ്റ് ജെറ്റ് എയർക്രാഫ്റ്റുകളെ ആസ്പദമാക്കി, യാത്രക്കാരുടെ സുഖസൗകര്യവും ആഡംബരവും കണക്കിലെടുത്ത് പ്രത്യേകം ഡിസൈൻ ചെയ്ത് പരിമിതമായ എണ്ണത്തിൽ വിപണിയിൽ ഇറക്കുന്ന ടാറ്റ വാഹനങ്ങളാണ് ജെറ്റ് എഡിഷൻ! ബ്രോൺസും പ്ലാറ്റിനം സിൽവർ റൂഫും ചേർന്ന ഡ്യുവൽ ടോൺ കളർ കോമ്പിനേഷനും മുന്നിലും പിന്നിലും സിൽവർ സ്കിട് പാഡും മുഴുവനായും കറുത്ത ഡയമണ്ട് കട്ട് അലോയ് വീലും ചേർന്ന് സഫാരിക്ക് പ്രീമിയം ലുക്ക് കൊടുക്കുന്നു.
ഒരു ബിസിനസ് ക്ലാസ് യാത്രയുടെ അനുഭവം തരുന്ന അകത്തിന് ഗ്രാനൈറ്റ് ബ്ലാക്കും ഓയിസ്റ്റർ വൈറ്റും കളർ കോമ്പിനേഷനാണുള്ളത്. ടെക്നോ സ്റ്റീൽ ബ്രോൺസ് ഫീനിഷ് ഡാഷ്ബോർഡിലും സെന്റർ കൺസോളിലും ഡോർ പാനലിലും കൊടുത്തിരിക്കുന്ന ബ്രോൺസ് കളർ ലൈനിങ്ങുകൾ പ്രീമിയം ലുക്ക് തരുന്നു.
സീറ്റിന്റെ ഹെഡ് റസ്റ്റിലെ ജെറ്റ് എംബ്രോയിഡറിയും ബ്രോൺസ് നിറത്തിലുള്ള നൂലുകൊണ്ട് ചെയ്ത ഡെകോറേറ്റീവ് സ്റ്റിച്ചിങ്ങും ചേർന്ന് അകവശത്തെ മറ്റൊരുതലത്തിൽ എത്തിക്കുന്നു. ടാറ്റയുടെ ഫ്ലാഗ്ഷിപ് എസ്യുവികളായ സഫാരിക്കും ഹാരിയറിനും മാത്രമല്ല, വിൽപ്പനയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന നേക്സോണും ജെറ്റ് എഡിഷനിൽ അവതരിക്കുന്നു.
നിലവിലുള്ള 14 സുരക്ഷാ ഫീച്ചറുകൾക്കുപരിയായി അഡ്വാൻസ്ഡ് സേഫ്റ്റി ഫീച്ചറുകളായ ഡ്രൈവർ ഡോസ് ഓഫ് അലെർട്ട്, പാനിക് ബ്രെക് അലെർട്ട്, ആഫ്റ്റർ ഇംപാക്ട് ബ്രേക്കിങ് മുതലായവയും ഉണ്ടായിരിക്കും. കൂടാതെ എല്ലാ നിരയിലുള്ള യാത്രക്കാർക്കും സി ടൈപ്പ് യുഎസ്ബി ചാർജിങ് പോർട്ട് കൊടുത്തിരിക്കുന്നു.
ക്യാപ്റ്റൻ സീറ്റിലും ബെഞ്ച് സീറ്റിലും ഹെഡ് റസ്റ്റിൽ വിങ്ഗ്ഡ് കംഫർട്ട് ഹെഡ് റെസ്റ്റ്റൈന്റ്സുണ്ട് (സഫാരിയിൽമാത്രം). മാന്വൽ വേരിയന്റിലും ഓട്ടോമാറ്റിക് വേരിയന്റിലും ഇലക്ട്രോണിക് പാർക്കിങ് ബ്രേക്കും നാല് വീലുകളിൽ ഡിസ്ക് ബ്രേക്കും (ഹാരിയറിൽ ഇത് ആദ്യമാണ്) ഉണ്ടായിരിക്കും. ജെറ്റ് എഡിഷൻ സഫാരിയുടെ എക്സ് ഷോറൂം വില 21.45 ലക്ഷംമുതൽ 22.65 ലക്ഷം രൂപവരെയും ഹാരിയറിന് 20.90 ലക്ഷംമുതൽ 22.20 ലക്ഷം രൂപവരെയും നേക്സോണിന് 12.13 ലക്ഷംമുതൽ 14.08 ലക്ഷം രൂപവരെയുമാണ്.