മാനസിക പ്രശ്നമുള്ളവരാണ് തനിക്ക് ജാതിവെറിയെന്ന് പറയുന്നതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. 20 വയസിന് മുൻപ് താൻ ജാതിവാൽ മുറിച്ച് കളഞ്ഞയാളാണെന്നും തന്നെ ജാതി പഠിപ്പിക്കാൻ വരേണ്ടതില്ലെന്നും അടൂർ പറഞ്ഞു.
“ഞാൻ ജാതി നിന്ദ നടത്തുകയാണെന്ന് ആർക്കും പറയാമല്ലോ. എന്നെ കണ്ടാൽ കിണ്ണം കട്ടെന്ന് തോന്നുമോ എന്ന് ചോദിക്കുന്നത് പോലെയാണത്. അതിന്റെ അടിസ്ഥാനം എന്താണ്? ആരെപ്പറ്റിയും ഇങ്ങനെ പറയാവുന്നതാണ്.
20 വയസാകുന്നതിനും മുൻപ് വാല് മുറിച്ചയാളാണ് ഞാൻ. ഞാൻ ഉണ്ണിത്താനാണ്, അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താനാണ്. ജാതിയും മതവും അന്ന് കളഞ്ഞതാണ്. എന്നെ ഇനി ജാതി പഠിപ്പിക്കാൻ വന്നാൽ, ഞാൻ ജാതി വെറി പിടിച്ചവനാണെന്ന് പറഞ്ഞാൽ അതിൽ തെറ്റുണ്ട്. അത് മാനസിക പ്രശ്നമാണ്.
പുതിയ തലമുറ എന്റെ പ്രസ്താവനകളെ വിമർശിക്കുന്നുണ്ടെങ്കിൽ അത് ശ്രദ്ധ കിട്ടാൻ വേണ്ടിയാണ്. ആഷിഖ് അബുവൊക്കെയാണ് ഇപ്പോൾ പഠിപ്പിക്കാൻ വരുന്നത്. മെഡിറ്റേഷനിലൂടെ ഉണ്ടാവേണ്ടതാണ് സിനിമ. അല്ലാതെ ഹോട്ടൽ മുറി ബുക്ക് ചെയ്ത് തമ്മിൽ തമ്മിൽ പറഞ്ഞ് ഉണ്ടാവേണ്ടതല്ല. ആഷിഖ് അബുവിൽ നിന്ന് അവർ എന്താണ് പഠിക്കാൻ പോകുന്നത്,” അടൂർ പറഞ്ഞു.
അടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ പിന്തുണച്ചും അടൂർ സംസാരിച്ചു. ഒരുതെളിവും ഇല്ലാതെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതിന് താൻ എതിരാണ് എന്നായിരുന്നു അടൂർ പറഞ്ഞത്. “ഒരു തെളിവുമില്ലാതെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതിന് ഞാൻ എതിരാണ്. ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നു. ഒരു തെളിവും ഇല്ലാതെ ഒരാളെ മുദ്രകുത്തുന്നതിനോട് ഞാൻ എതിരാണ്.” ടിഎൻഐഇ കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ.
Story Highlights: Adoor Gopalakrishnan says people with psychological problems says he has caste hatred