ജോഷിമഠ്: ജോഷിമഠില്‍ ഹോട്ടലുകള്‍ പൊളിച്ച് തുടങ്ങി. ഇന്നലെ രാത്രിയോടെയാണ് ജോഷിമഠിലെ കെട്ടിടങ്ങള്‍ പൊളിച്ച് തുടങ്ങിയത്. ജനങ്ങള്‍ക്ക് താല്ക്കാലികാശ്വാസമായി മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി 45 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് മലായി ഇന്‍, മൗണ്ടന്‍ വ്യൂ ഹോട്ടലുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.
രാത്രി മഴ ചാറിയതിനെ തുടര്‍ന്ന് കെട്ടിടം പൊളിക്കല്‍ നിര്‍ത്തി വെയ്ക്കുകയും വെള്ളിയാഴ്ച്ച തുടരുമെന്ന് കേന്ദ്ര കെട്ടിട ഗവേഷണ സ്ഥാപനം (സിബിആര്‍ഐ) ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തു. പൊളിക്കല്‍ പൂര്‍ത്തിയാവാന്‍ ഒരാഴ്ച്ചയെടുക്കുമെന്നും സിബിആര്‍ഐ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. കാലക്രമേണയുള്ള മണ്ണിടിച്ചിലാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ദുരിതബാധിതരായ മുവ്വായിരത്തോളം കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഓരോരുത്തര്‍ക്കും ലഭിക്കേണ്ട നഷ്ടപരിഹാരം കൃത്യമായ രീതിയില്‍ കണക്കാക്കാന്‍ ജില്ലാതല സമിതിയെ നിയോഗിച്ചതായി കളക്ടര്‍ ഹിമാശു ഖുറാനയും വ്യക്തമാക്കി. വ്യാഴാഴ്ച്ച രാവിലെ നരസിംഹക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് നാട്ടുകാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. കേന്ദ്ര സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങളും പൊലീസും പൊളിച്ചു നീക്കുന്ന ഹോട്ടലുകള്‍ക്ക് ചുറ്റും പൂര്ണസജ്ജരായിട്ടുണ്ട്. നേരത്തെ തീരുമാനിച്ച ഒന്നരലക്ഷം രൂപ വീതം തന്നെയാണ് താല്കാലികമായി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. നഷ്ടപരിഹാരം പിന്നീട് തീരുമാനിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും മലായി ഇന്‍ ഹോട്ടലുടമ താക്കൂര്‍ സിങ് റാണ പറഞ്ഞു.
Story Highlights: Demolition of two hotels in Joshimath begins