ലക്നൗ: രാഹുൽ ഗാന്ധി നയിക്കുന്ന് ഭാരത് ജോഡോ യാത്രയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. കോണ്‍ഗ്രസും ബിജെപിയും സമാനമാണെന്നും എന്നാൽ സമാജ് വാദി പാര്‍ട്ടിയുടെ ചിന്താഗതി തികച്ചും വ്യത്യസ്തമാണെന്നും അഖിലേഷ് യാദവ് യുപിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡല്‍ഹിയില്‍ നിന്ന് ജനുവരി മൂന്നിന് ഉത്തര്‍പ്രദേശിലേക്ക് പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടില്ലേ എന്ന ചോദ്യത്തിനാണ് തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് യാദവ് വ്യക്തമാക്കിയത്. ബിജെപിയുടെ ഇതര പാർട്ടികൾ ഉൾപ്പെടെ നിരവധി നേതാക്കളെ യുപിയിലെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, ആർഎൽഡിയുടെ ജയന്ത് ചൗധരി എന്നിവരുൾപ്പെടെയുളളവരെ യാത്രക്കായി ക്ഷണിച്ചിരുന്നു. എന്നാൽ മറ്റു പാർട്ടി നേതാക്കളെ ക്ഷണിച്ചിട്ടും തനിക്ക് ക്ഷണം ലഭിക്കാത്ത നീരസത്തിലുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.”നിങ്ങളുടെ ഫോണില്‍ ക്ഷണപത്രം ഉണ്ടെങ്കില്‍ എനിക്ക് അയച്ചുതരൂ” അദ്ദേഹം പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടി നേതാവ് യാത്രയിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് എസ്പി വക്താവ് രാജേന്ദ്ര ചൗധരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ജനുവരി മൂന്ന് വരെ ഇടവേളയാണ്. ജനുവരി മൂന്നിന് യാത്ര യുപിയിലേ ഗാസിയാബാദിലെ ലോനി പ്രദേശത്ത് പ്രവേശിക്കും തുടർന്ന് ഷാംലിയുടെ കൈരാന വഴി ഹരിയാനയിലേക്ക് കടക്കും.
STORY HIGHLIGHTS: no one has invited me to jodo yatra says akhilesh yadav