കൊച്ചി> അപ്പു പാത്തു പ്രൊഡക്ഷൻഹൗസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും കൈകോർക്കുന്ന ജോജു ജോർജ് നായകനായെത്തുന്ന ഇരട്ട പുതുവർഷത്തിൽ പ്രേക്ഷകരിലേക്കെത്തും. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നോർവാധി ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രങ്ങൾക്കു ശേഷം ജോജു ജോർജിന്റെ ശക്തമായ വേഷമാണ് ഇരട്ടയിലെ കഥാപാത്രമെന്ന് പിന്നണി പ്രവർത്തകർ പറയുന്നു.
നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഷോർട്ട് ഫിലിമുകൾക്കു ശേഷം രോഹിത് എം ജി കൃഷ്ണനാണ് ഇരട്ടയുടെ സംവിധാനം. മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജ് ഒരുമിച്ച നായാട്ടിനു പ്രേക്ഷക പിന്തുണയും അംഗീകാരങ്ങളും ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ഫിലിം ക്രിട്ടിക്സ് അവാർഡിലും മികച്ച സംവിധായകനുള്ള അവാർഡ് നായാട്ടിന്റെ സംവിധായകർ മാർട്ടിൻ പ്രക്കാട്ടിനായിരുന്നു. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം. മനു ആന്റണി ആണ് എഡിറ്റർ.