ന്യൂഡൽഹി: ഇന്ത്യയുമായി കൂടിക്കാഴ്ച നടത്തുവാൻ ആഗ്രഹിക്കുന്നുവെന്ന പ്രസ്താവന തിരുത്തി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം പുനഃസ്ഥാപിച്ചാൽ മാത്രമേ ചർച്ച നടക്കൂവെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണകുറിപ്പ് പുറത്തിറക്കിയത്. കശ്മീർ പ്രശ്നം യു എൻ പ്രമേയങ്ങൾക്കും കശ്മീരിലെ ജനങ്ങളുടെ അഭിലാഷത്തിനും അനുസരിച്ച് പരിഹരിക്കണമെന്നാണ് ആവശ്യം.
കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോദിയുമായി സത്യസന്ധമായി സംസാരിക്കണമെന്നാണ് ഒരു അറബിക് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പാക് പ്രധാനമന്ത്രി പറഞ്ഞത്. ‘പാകിസ്താൻ സമാധാനമാണ് ആഗ്രഹിക്കുന്നത്, എന്നാൽ കശ്മീരിൽ നടക്കുന്നത് അവസാനിപ്പിക്കണം. ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി വിഭവങ്ങൾ പാഴാക്കാൻ പാകിസ്താൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ആണവശക്തികളാണ്. ഇനി ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ എന്താണ് സംഭവിക്കുന്നതെന്ന് പറയാൻ ആരാണ് ജീവിച്ചിരിക്കുക?’, ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
‘കശ്മീർ പോലുള്ള വിഷയങ്ങൾ പരിഹരിക്കാൻ ഗൗരവവും ആത്മാർത്ഥവുമായ ചർച്ചകൾ നടത്തേണ്ടതുണ്ട്. സമാധാനത്തോടെ ജീവിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുക, അല്ലെങ്കിൽ പരസ്പരം കലഹിച്ച് സമയവും വിഭവങ്ങളും പാഴാക്കേണ്ടി വരും. ഇന്ത്യയുമായി നടത്തിയ യുദ്ധങ്ങളിൽ നിന്ന് തങ്ങൾ പാഠം പഠിച്ചു. ഞങ്ങൾ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങൾ നടത്തി, അവ ജനങ്ങൾക്ക് കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് നൽകിയത്. യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ സമാധാനത്തോടെ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,’ എന്നും പാക് പ്രധാനമന്ത്രി അഭിമുഖത്തിൽ പറഞ്ഞിരുന്നു.
STORY HIGHLIGHTS: Talks with India only if special powers of Jammu and Kashmir are restored says Shehbaz Sharif