അമരാവതി: ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ റോഡ് ഷോയ്ക്കിടെ അപകടത്തില്‍പ്പെട്ട് എട്ട് മരണം. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് ഇത്തരമൊരു വലിയ അപകടം നടന്നത്. തിക്കിലും തിരക്കിലും പെട്ടാണ് എട്ടുപേരും മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്.
പ്രതിപക്ഷ നേതാവായ നായിഡു, ‘ഇദെമി ഖര്‍മ്മ മന രാഷ്ട്രനികി’ ക്യാമ്പെയ്നിന്റെ ഭാഗമായി കണ്ടുകൂര്‍ പട്ടണത്തില്‍ യോഗത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരുന്നു. നായിഡുവിന്റെ വാഹനവ്യൂഹം വൈകുന്നേരത്തോടെ എത്തുമെന്നറിയിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് തിരക്ക് കൂടിയത്. തടിച്ചുകൂടിയ വലിയ ജനക്കൂട്ടം തങ്ങളുടെ നേതാവിനെ കാണാനായി മുന്നോട്ട് നീങ്ങിക്കൊണ്ടേ ഇരുന്നു. ഇതെ തുടര്‍ന്നുണ്ടായ തിരക്കിനിടയില്‍പ്പെട്ട് ഒരു കമ്പിവേലി പൊട്ടുകയും പലരും ഡ്രെയിനേജ് കനാലിലേക്ക് വീഴുകയുമായിരുന്നു. അപകടത്തില്‍ എട്ട് പേരാണ് മരിച്ചത്. കൂടാതെ അപകടത്തില്‍ പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തെ തുടര്‍ന്ന് യോഗം ഉടന്‍ തന്നെ റദ്ദാക്കിയ നായിഡു, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുമെന്നും പരുക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. 2024ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലുങ്കുദേശം പാര്‍ട്ടിയുടെ തലവന്‍ സംസ്ഥാനത്തുടനീളം യോഗങ്ങള്‍ നടത്തിവരികയാണ്.
ജനുവരിയില്‍ നായിഡുവിന്റെ മകന്‍ നാരാ ലോകേഷ് 4,000 കിലോമീറ്റര്‍ കാല്‍നട ജാഥ ആരംഭിക്കും. ‘യുവ ഗലം’ എന്ന് പേരിട്ടിരിക്കുന്ന ഈ ജാഥ, സംസ്ഥാനത്തെ യുവാക്കള്‍ക്ക് അവരുടെ ശബ്ദമുയര്‍ത്താനും അര്‍ഹമായ കാര്യങ്ങള്‍ക്ക് വേണ്ടി പോരാടാനും പ്രചോദനം നല്‍കും. ജനങ്ങള്‍ തന്റെ പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ക്വിറ്റ് ജഗന്‍, എപിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി മുന്നോട്ട് വരണമെന്നും അല്ലാത്തപക്ഷം 2024ലെ തെരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്നും നായിഡു പറഞ്ഞു.
STORY HIGHLIGHTS: Eight died in road show accident in Andhra Pradesh’s Nellore