കര്‍ണാടക: യാത്രാ സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ എട്ടാം ക്ലാസുകാരി കാറിടിച്ചു മരിച്ചു. കര്‍ണാടകയിലെ ബെളഗാവിയിലാണ് സംഭവം. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും പരുക്കേറ്റു.
അക്ഷത ഹുളിക്കെട്ടി എന്ന പന്ത്രണ്ട് വയസുക്കാരിയാണ് സ്‌കൂളില്‍ നിന്നും തിരികെ വീട്ടിലേക്ക് വരും വഴി കാറിടിച്ച് മരിച്ചത്. കിട്ടുര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ അക്ഷത യാത്രാ സൗകര്യമില്ലെന്ന് അറിയിച്ച് കൊണ്ട് എംഎല്‍എ മഹന്തേശ് ദൊദ്ദഗൗഡര്‍ക്ക് രണ്ടാഴ്ച്ച മുന്‍പ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ എംഎല്‍എയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ല.
ഗ്രാമത്തിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് പലതവണ അക്ഷതയും സുഹൃത്തുക്കളും സ്‌കൂളില്‍ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. അന്നത്തെ ദിവസവും പ്രതിഷേധവും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരും വഴിയാണ് വേഗതയില്‍ വന്ന കാര്‍ മൂന്ന് പേരെയും ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് നാട്ടുക്കാര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് എംഎല്‍എ സംഭവത്തില്‍ ഇടപെടുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Story Highlights: Class eight girl protesting for bus service to her village in Karnataka dies in accident