ടോക്കിയോ: നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നവര്‍ക്ക് ധനസഹായം നല്‍കാനുള്ള പദ്ധതിയുമായി ജപ്പാന് സര്‍ക്കാര്‍. തലസ്ഥാനമായ ടോക്കിയോ നഗരത്തില്‍ നിന്ന് മാറുന്ന കുടുംബങ്ങള്‍ക്ക് ഒരു കുട്ടിക്ക് 10 ലക്ഷം യെന്‍ വീതമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ആള്‍ത്താമസം കുറഞ്ഞതോടെയാണ് സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയ്ക്ക് ഒരുങ്ങുന്നത്.
ടോക്കിയോ നഗരത്തില്‍ അഞ്ച് വര്‍ഷമായി താമസിക്കുന്നവരെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കുടുംബമായി ഗ്രാമങ്ങളിലേക്ക് മാറുന്നവര്‍ക്ക് ഒരു കുട്ടിക്ക് 10 ലക്ഷം യെന്‍ അതായത് 6,33,000 രൂപ വീതം ലഭിക്കും. ഗ്രാമങ്ങളില്‍ ബിസിനസ് തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിന് വേണ്ടിയുള്ള ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ധനസഹായം സ്വീകരിച്ചവര്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കെങ്കിലും ഗ്രാമങ്ങളില്‍ താമസിക്കണമെന്നാണ് നിബന്ധന. കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഗ്രാമം വിട്ടു പോയാല്‍ സ്വീകരിച്ച ധനസഹായം തിരികെ നല്‍കുകയും വേണം.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ജപ്പാനിലെ ജനസംഖ്യ ചരിത്രത്തില്‍ ആദ്യമായി കുറഞ്ഞിരുന്നു. എന്നാലും നഗരങ്ങളില്‍ ജനസാന്ദ്രത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.
STORY HIGHLIGHTS: Japan offering families a million yen per child to leave Tokyo