അഹമ്മദാബാദ്: ക്രിസ്മസ് കരോള്‍ സംഘത്തെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി. ഗുജറാത്ത് വഡോദര മകര്‍പുരയില്‍ കരോള്‍ അവതരിപ്പിക്കാനെത്തിയപ്പോഴാണ് അക്രമം ഉണ്ടായത്. സാന്റാക്ലോസിന്റെ വേഷത്തിലെത്തിയ ശശികാന്ത് ദാഭി എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ ഗുജറാത്ത് പൊലീസ് കേസെടുത്തു.
ഡിസംബര്‍ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. മകര്‍പുരയിലെ റെസിഡന്‍ഷ്യല്‍ കോളനിയില്‍ എത്തിയതായിരുന്നു കരോള്‍ സംഘം. പ്രദേശത്തെ ക്രിസ്ത്യന്‍ കുടുംബത്തില്‍ കരോള്‍ അവതരിപ്പിക്കവേ വീട്ടിലെത്തിയ അക്രമിസംഘം ആഘോഷങ്ങള്‍ തടയുകയും സാന്റാക്ലോസിനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കരോളില്‍ പങ്കെടുത്ത എല്ലാവരെയും അക്രമിച്ചു. മര്‍ദ്ദനത്തിന് ശേഷം സാന്റാക്ലോസിന്റെ വേഷം അഴിച്ചുവെപ്പിക്കുകയും ചെയ്തു. ഇത് ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ്. ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഇവിടെ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അക്രമം.
സംഭവത്തില്‍ സ്ത്രീകളുള്‍പ്പടെ നാല് പേര്‍ക്ക് പരുക്കേറ്റു. വഡോദര മകര്‍പുര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സാന്റാക്ലോസിന്റെ വേഷത്തിലെത്തിയ ശശികാന്ത് ദാഭി കോളനി നിവാസികള്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആളുകള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേരുന്നതിനിടെയാണ് ആക്രമം ഉണ്ടായത്.
Story highlights: Gujarat mob beats Santa Clause amid Christmas carol