തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാരും ഒന്നാണെന്ന് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി സജി ചെറിയാൻ. ഗവര്‍ണറുമായി രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളെ ഉളളൂ. അദ്ദേഹത്തിനോട് നല്ല സ്നേഹമുണ്ട്. നല്ല സ്വീകരണമാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചടങ്ങിന് വന്നപ്പോള്‍ നല്‍കിയതെന്നും സജി ചെറിയാൻ പറഞ്ഞു. നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പ് ആണ് ലഭിക്കുക. ആ വകുപ്പുകള്‍ ലഭിച്ചാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ ഓരോ ഉറപ്പും സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സത്യപ്രതിജ്ഞക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സജി ചെറിയാൻ.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സജി ചെറിയാന് സത്യവാചകം ചൊല്ലികൊടുത്തത്. മുഖ്യമന്ത്രിയും, സ്പീക്കറും, മന്ത്രിമാരും, എൽഡിഎഫ് കൺവീനർ ഇപി ജയരാജനും ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാക്കൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു. 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.
വിയോജിപ്പോടെ ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയത്. നേരത്തേ മന്ത്രിയായിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സംസ്കാരികം, സിനിമ, യുവജനക്ഷേമ വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാന് നല്‍കുക. സജി ചെറിയാനെതിരായ കേസില്‍ കോടതിയുടെ അന്തിമ തീര്‍പ്പ് വരാത്ത സാഹചര്യത്തില്‍ പ്രശ്നത്തില്‍ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. പത്തനംതിട്ട മല്ലപ്പളളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാൻ രാജിവെച്ചിരുന്നത്.
STORY HIGHLIGHTS: Saji Cherian talks after Oath ceremony