കർണാടക: ഹുബ്ബള്ളിയിൽ ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റോഡ് ഷോയിൽ സുരക്ഷ വീഴ്ചയെന്ന് റിപ്പോർട്ട്. റോഡരികിലെ ബാരിക്കേഡ് മറികടന്ന് പതിനഞ്ച് വയസ്സുകാരൻ പൂമാലയുമായി പ്രധാനമന്ത്രിക്കരികിലേക്ക് ഓടിയെത്തി. പ്രധാനമന്ത്രിയുടെ തൊട്ടടുത്തെത്തിയപ്പോഴേക്കും ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. അതിനിടെ പ്രധാനമന്ത്രി കുട്ടിയുടെ കൈയിൽനിന്ന് മാല വാങ്ങുകയും ചെയ്തു. തുടർന്ന് പൊലീസ് ഇയാളെ ഉടൻ റോഡരികിലേക്ക് മാറ്റി. ശേഷൺ പ്രധാനമന്ത്രി റോഡ്ഷോയുമായി മുന്നോട്ട് നീങ്ങി. ഈ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രിയുടെ റോഡ് ഷോക്കിടെ സുരക്ഷാ വീഴ്ച ഉണ്ടായെന്ന വാദത്തെ ഹുബ്ബള്ളി-ധാർവാഡ് പൊലീസ് നിഷേധിച്ചു. “പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിൽ അത്തരമൊരു ലംഘനം ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി മോദിയുടെ റോഡ്ഷോയിൽ ഒരാൾ മാലയിടാൻ ശ്രമിച്ചു. ആ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചുവരികയാണ്,” ഹുബ്ബള്ളി-ധാർവാഡിലെ ക്രൈം ഡിസിപി ഗോപാൽ ബയാക്കോട് പറഞ്ഞു. റോഡരികിൽ നിന്നിരുന്നയാളുകളെയെല്ലാം സുരക്ഷാപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. പ്രധാനമന്ത്രിക്കടുത്തേക്കെത്തിയ കുട്ടിയുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സംഭവം നടക്കുമ്പോൾ വിമാനത്താവളത്തിൽ നിന്ന് റെയിൽവേ സ്പോർട്സ് ഗ്രൗണ്ടിലേക്ക് പോവുകയായിരുന്ന പ്രധാനമന്ത്രി റോഡിനിരുവശവും അണിനിരന്ന ആവേശഭരിതരായ ജനക്കൂട്ടത്തിന് നേരെ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ റണ്ണിംഗ് ബോർഡിൽ നിൽന്നുകൊണ്ട് കൈ വീശി കാണിക്കുകയായിരുന്നു. മാലയുമായി എത്തിയ യുവാവിൽ നിന്ന് മാല ഏറ്റുവാങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റോഡിൽ അദ്ദേഹത്തെ അനുഗമിച്ച സുരക്ഷാ ഉദ്യോഗസ്ഥർ മാല പിടിച്ചു വാങ്ങി. ശേഷം കാറിനുള്ളിൽ വെച്ച് പ്രധാനമന്ത്രിക്ക് കൈമാറുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസും ട്രാഫിക് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കരികിലെത്തിയ യുവാവിനെ ഉടൻ തന്നെ പിന്നിലേക്ക് വലിച്ചിഴച്ചു.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഗവർണർ താവർചന്ദ് ഗെലോട്ട്, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, അനുരാഗ് സിംഗ് താക്കൂർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഉദ്ഘാടന പരിപാടിക്ക് ശേഷം പ്രധാനമന്ത്രി ന്യൂഡൽഹിയിലേക്ക് തിരിച്ചു. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന പരിപാടിയാണ്. 30,000-ത്തിലധികം ആളുകൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
STORY HIGHLIGHTS: No Security Breach Police after Youth runs to PM Modi s car in Hubballi