ഹൈദരാബാദ്: കോണ്‍ഗ്രസും ബിജെപിയും ഒന്നാണെന്ന് തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖര റാവു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്കുകള്‍ കൊണ്ടുള്ള തര്‍ക്കങ്ങളും പരസ്പരം കുറ്റപ്പെടുത്തലുകളും മാത്രമാണ് നടക്കുന്നതെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാനയിലെ ഖമ്മത്ത് നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ സേവിക്കുന്നതിനായാണ് ബിആര്‍എസ് പാര്‍ട്ടി രൂപീകരിച്ചിട്ടുള്ളതെന്ന് പറഞ്ഞ ചന്ദ്രശേഖര റാവു കേന്ദ്ര സര്‍ക്കാരിനെതിരെയും വിമര്‍ശനം ഉന്നയിച്ചു. ബിആര്‍എസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് സംവരണം, എല്ലാ വീട്ടിലും പൈപ്പ് വെള്ളം, ദളിതര്‍ക്കും കര്‍ഷകര്‍ക്കും സാമ്പത്തിക ആനുകൂല്യങ്ങള്‍ തുടങ്ങിയവ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ ഫെഡറലിസം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ റാലിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കൈകടത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കേന്ദ്രനയങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. മുന്നോട്ടുള്ള യാത്രകള്‍ ഒന്നിച്ചാകാമെന്നും പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍, അഖിലേഷ് യാദവ്, പ്രതിപക്ഷനിരയിലെ പ്രമുഖ നേതാക്കള്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്ത് സംസാരിച്ചു. റാലിയിലേക്ക് കോണ്‍ഗ്രസിന് ക്ഷണമുണ്ടായിരുന്നില്ല.
Story highlights: K Chandrashekar Rao says that Congress and BJP are same