കണ്ണൂര്‍: പ്രഥമ ദൃശ്യമാധ്യമ അവാര്‍ഡ് റിപ്പോര്‍ട്ടര്‍ ചാനല്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് ആര് രോഷിപാലിന്. അന്തരിച്ച മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം തലശേരി പ്രസ് ഫോറവും തലശേരി ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്കും പ്രസ് ഫോറം പത്രാധിപര്‍ ഇ കെ നായനാര്‍ സ്മാരക ലൈബ്രറിയും സംയുക്തമായി ഏര്‍പ്പെടുത്തിയ അവാര്‍ഡിനാണ് ആര് റോഷിപാല്‍ അര്‍ഹനായത്. നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവാകുന്ന റിപ്പോര്‍ട്ടാണ് രോഷിപാലിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.11,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബര്‍ 31ന് രാവിലെ 11ന് പ്രസ്ഫോറം ഹാളില്‍ ചേരുന്ന ചടങ്ങില്‍ നോവലിസ്റ്റ് എം മുകുന്ദന് അവാര്‍ഡ് സമ്മാനിക്കും.
ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ ഇ കെ പത്മനാഭന് (കണ്ണൂര്‍), കെ മധുസൂദനന് (കാസര്‍കോട്), പിആര്‍ഡി റിട്ട. റീജനല്‍ ഡപ്യൂട്ടി ഡയരക്ടര്‍ കെ യു ബാലകൃഷ്ണന്, തലശേരി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കാരായിചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 2022 ജനുവരി ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ സംപ്രേക്ഷണം ചെയ്ത ജനശ്രദ്ധ നേടിയ വാര്‍ത്തയാണ് കോടിയേരി ബാലകൃഷ്ണന് സ്മാരക പുരസ്കാരത്തിനായി പരിഗണിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് കോടിയേരിയുടെ പേരില്‍ മാധ്യമഅവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. ‘ഓര്‍മകളില്‍ കോടിയേരി’ സ്മരണികയും തയാറായി വരികയാണ്.
മംഗളം ദിനപത്രത്തില്‍ അഞ്ച് വര്‍ഷത്തോളം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ലേഖകനായിരുന്ന രോഷിപാല്‍ മംഗളം ടെലിവിഷന്റെ കാസര്‍കോട്, കോഴിക്കോട് ബ്യൂറോ ചീഫ് ആയും മിഡില്‍ ഈസ്റ്റ് റീജണല്‍ എഡിറ്ററായും ജോലിചെയ്തു. തല്‍സമയം പത്രത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് ആയിരുന്നു. മൂന്നു വര്‍ഷമായി റിപ്പോര്‍ട്ടര്‍ ടിവിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ്. ജൂനിയര്‍ ചേംമ്പര്‍ ഇന്റര്‍നാഷണല്‍ വടകര ചാപ്റ്റര്‍ പ്രസിഡന്റ് , വടകര മിഡ് ടൗണ്‍ ലയണ്‍സ് ക്ലബ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ശ്രീന രോഷിപാല്‍. മകള്‍: ദക്ഷ രോഷിപാല്‍ (വിദ്യാര്‍ത്ഥിനി, പട്ടം സെന്റ് മേരീസ് ഹൈസ്കൂള്‍, തിരുവനന്തപുരം).വാര്‍ത്താസമ്മേളനത്തില്‍ പ്രസ്ഫോറം പ്രസിഡന്റ് നവാസ്മേത്തര്, തലശേരി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കാരായിചന്ദ്രശേഖരന്‍, പ്രസ്ഫോറം പത്രാധിപര്‍ ഇ കെ നായനാര്‍ സ്മാരക ലൈബ്രറി സെക്രട്ടറി പി ദിനേശന്, പ്രസ്ഫോറം സെക്രട്ടറി എന്‍ സിറാജുദ്ദീന് എന്നിവര്‍ പങ്കെടുത്തു.
Story Highlights: kodiyeri visual media award goes to R Roshipal