ന്യൂഡൽഹി: കൊളീജിയം സംവിധാനത്തിൽ സർക്കാർ പ്രതിനിധികളേയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജുവാണ് കത്തയച്ചത്. സുപ്രീംകോടതി കൊളീജിയത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധികളേയും ഹൈക്കോടതി കൊളീജിയത്തിൽ സംസ്ഥാന സർക്കാർ പ്രിതിനിധികളേയും ഉൾപ്പെടുത്തണമെന്ന് നിയമമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. എന്നാൽ നിലവിലുളള മാനദണ്ഡം ഭേദഗതി ചെയ്യുന്നത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് സുപ്രീംകോടതി കൊളീജിയത്തിലെ അംഗങ്ങൾ.
ജഡ്ജി നിയമനത്തിൽ സുതാര്യത ഉറപ്പാക്കാൻ കൊളീജിയത്തിൽ സർക്കാർ പ്രതിനിധി അനിവാര്യമാണെന്ന് കിരൺ റിജ്ജു കത്തിൽ പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ്, എം ആർ ഷാ, അജയ് റസ്തോഗി, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്നതാണ് നിലവിലെ കൊളീജിയം. വളഞ്ഞ വഴിയിലൂടെ എൻജെഎസി നടപ്പാക്കാനാണ് കേന്ദ്ര നീക്കമെന്ന് വിലയിരുത്തലുമുണ്ട്.
നേരത്തേയും കൊളീജിയം സംവിധാനത്തിന് സുതാര്യതയില്ലെന്ന് നിയമമന്ത്രി വിമർശിച്ചിരുന്നു. ലോക്സഭാ സ്പീക്കർ ഓം ബിർള, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച മുൻ ജഡ്ജി രുമ പാൽ ഉൾപ്പെടെയുളള പല ജഡ്ജിമാരും കൊളീജിയം സംവിധാനത്തിനെതിരെ പ്രതികരിച്ചിരുന്നു.
STORY HIGHLIGHTS: Kiran Rijiju wants centre should include government representatives in collegium