കൊല്ലം: കൊല്ലം ലഹരിക്കടത്ത് കേസില്‍ വാഹനം വാടകയ്ക്ക് നല്കിയ സിപിഐഎം കൗണ്‍സിലര്‍ എ ഷാനവാസിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. വാഹനം വാടകയ്ക്ക് കൊടുത്തപ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലായെന്ന് ജില്ലാ സെക്രട്ടറി നാസര്‍ വിശദീകരിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. സംഭവത്തില്‍ സിപിഐഎം സി വ്യൂ ബ്രാഞ്ച് കമ്മിറ്റി അംഗം ഇജാസിനെ പുറത്താക്കുകയും ചെയ്തു. ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗമാണ് ഷാനവാസ്.
‘വിശദമായ അന്വേഷണം നടത്തിയ ശേഷം അടുത്ത നടപടികളിലേക്ക് പോകും. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത് സംബന്ധിച്ചും കമ്മീഷന് വിശദമായ അന്വേഷണം നടത്തും. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പാര്‍ട്ടി നിര്‍ദേശിച്ചത്.’ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. അടിയന്തിര സെക്രട്ടറിയേറ്റിലാണ് നടപടി.
ഇന്നലെ പുലര്‍ച്ചെയാണ് പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ട് ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെഎല്‍ 04 എടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
അതേസമയം തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് വാടകക്ക് നല്‍കിയിരിക്കുകയാണെന്ന് ഷാനവാസ് പ്രതികരിച്ചു. ഇതുസംബന്ധിച്ച രേഖകളും ഷാനവാസ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഈ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വാഹനം പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് ഒപ്പ് വച്ചിരിക്കുന്ന രേഖയാണ് ഷാനവാസ് നല്‍കിയത്.
story highlights: kollam drug case cpim suspended shanavas