സിനിമകൾ ചെയ്യുമ്പോൾ അത് വിജയിക്കുമോ ഇല്ലയോ എന്ന് മനസിലാകാറുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ചില സിനിമകളുടെ കഥ ഇഷ്ടപ്പെട്ട് ചെയ്താലും പോസ്റ്റ് പ്രൊഡക്ഷനിൽ അതിന്റെ ഭാവി മനസിലാകും എന്നാണ് നടൻ പറഞ്ഞത്. ‘കുഞ്ഞിരാമായണം’, ‘അടി കപ്യാരെ കുട്ടമണി’ എന്നീ സിനിമകൾ ഉറപ്പായും വിജയിക്കുമെന്ന് അറിയാമായിരുന്നു. അത്തരത്തിൽ ഒരു വിജയ ഫോർമുലയാണ് ചിത്രങ്ങളുടേത്. വർക്കാകില്ലെന്ന് കരുതിയിട്ടും തിയേറ്ററിൽ വിജയം കണ്ട സിനിമ ‘ഉടൽ’ ആണെന്നും ധ്യാൻ പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
“ഒരു വർഷം ഇരുപത് സിനിമ ചെയ്താൽ ഇരുപത് സിനിമയും വിജയിക്കണമെന്ന് നമുക്ക് വാശിപിടിക്കാൻ പറ്റില്ലല്ലോ. ചില സിനിമകൾ വിജയിക്കും ചിലത് പരാജയപ്പെടും, അതൊക്കെ സ്വാഭാവികമാണ്. സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ അത് ഓടുമോ ഇല്ലയോ എന്ന് നമുക്ക് മനസ്സിലാകും. ഞാൻ ഇതുവരെ ഓടില്ല എന്ന് വിചാരിച്ച സിനിമയൊന്നും ഓടിയിട്ടുമില്ല, ഓടുമെന്ന് കരുതിയത് പരാജയമായിട്ടുമില്ല.
കുഞ്ഞിരാമായണം കണ്ടപ്പോഴും അടി കപ്യാരെ കൂട്ടമണി കണ്ടപ്പോഴുമൊക്കെ എനിക്ക് അറിയാമായിരുന്നു സിനിമ ഉറപ്പായും വിജയിക്കുമെന്ന്. ആ സിനിമയുടെയൊക്കെ എഡിറ്റിങ്ങിലും പോസ്റ്റ് പ്രൊഡക്ഷനിലുമൊക്കെ ഞാന്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ നമുക്കറിയാം ആ സിനിമക്കൊക്കെ ഒരു ഫോര്‍മുലയുണ്ട്, ആ സിനിമയൊക്കെ ഉറപ്പായും വര്‍ക്കാകും.
ആ രണ്ട് സിനിമയും തിയേറ്ററില്‍ വര്‍ക്കാകുകയും ചെയ്തു. ചില സിനിമയൊക്കെ ഇതുപോലെ കണ്ട് കഴിയുമ്പോള്‍ കഥ നല്ലതായിരിക്കും. പിന്നീട് പോസ്റ്റ് പ്രൊഡക്ഷനിലൊക്കെ ഇരിക്കുമ്പോള്‍ നമുക്ക് മസിലാകും സിനിമ ഓടില്ല എന്ന്. ഒട്ടും പ്രതീക്ഷിക്കാതെ തിയേറ്ററില്‍ ഓടിയ സിനിമകളുമുണ്ട്. അതിലൊന്നാണ് ‘ഉടല്‍’ സിനിമ,” ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
അബാം മൂവീസിന്റെ ബാനറിൽ സാഗർ ഹരി സംവിധാനം ചെയ്ത ‘വീകം’ ആണ് ധ്യാനിന്റെ അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം. സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്.
Story Highlights: Dhyan Sreenivasan about ‘Kunjiramayanam’ and ‘Adi Kapyare Koottamani’