കണ്ണൂർ: കേരളത്തിലെ കാറുകളിലെ റബ്ബർ ഹോസിൽനിന്ന് പെട്രോൾ ചോരുന്ന സംഭവത്തിൽ പ്രമുഖ കാർ നിർമാതാക്കളുടെ ഇടപ്പെടൽ. നിരവധി കാറുകളിൽ പ്രശ്നം ഉയർന്നതിനെ തുടർന്നാണ് കാർ കമ്പനികളുടെ ഇടപ്പെടൽ. കാറിന്റെ പെട്രോൾ ടാങ്കിൽ നിന്നും എൻജിനിലേക്കുള്ള റബ്ബർ ഹോസിൽ ഉണ്ടായ ദ്വാരത്തിൽ നിന്നുമാണ് പെട്രോൾ ചോരുന്നതെന്ന് കണ്ടെത്തി. വിവിധ കമ്പനികളുടെ നൂറുകണക്കിന് കാറുകളിലാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ പെട്രോൾ ചോർച്ച ഉണ്ടായത്.
പ്രമുഖ കമ്പനികളായ മാരുതി, ടാറ്റ ഉൾപ്പെടെയുളള കമ്പനികളുടെ ഉദ്യോഗസ്ഥർ വാഹന ഉടമകളിൽനിന്ന് വിവരം അന്വേഷിച്ചറിഞ്ഞു. സ്കോളിറ്റിഡേ കുടുബത്തിൽപ്പെട്ട വണ്ടുകളാണ് കാരണക്കാർ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കാറിൽനിന്നുളള വീഡിയോയുടെ അടിസ്ഥാനത്തിൽ എന്റമോളജി വിഭാഗവും ടാക്‌സോണമിസ്റ്റുകളുടെയും പരിശോധനയിലാണ് കണ്ടെത്തൽ.
ഈ വിഷയത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന മുഖ്യമന്ത്രി, ഗതാഗത വകുപ്പ്, കൃഷി വകുപ്പ് മന്ത്രിമാർ എന്നിവരും വിവിധ കാർ കമ്പനികൾളും ഇടപ്പെടണമെന്ന ആവശ്യം ഉന്നയിച്ച് വാഹന ഉടമകൾ കത്തയച്ചു. ദ്വാരം ഉണ്ടായ റബ്ബർ ഹോസ് മാറ്റി പുതിയത് ഘടിപ്പിക്കുമ്പോൾ അതിനുമുകളിൽ സ്പ്രേ പെയിന്റ് അടിച്ച് കൊടുത്താണ് പ്രശ്നത്തിന് പരിഹാരമായി ചെയ്യുന്നത്. സ്പ്രേ പെയിന്റ് അടിക്കുന്നതു മൂലം പെട്രോളിന്റെ മണം വണ്ടുകൾക്ക് കിട്ടില്ല. പെട്രോളിലെ ആൽക്കഹോളായ എഥനോളാണ് വണ്ടുകളെ ആകർഷിക്കുന്നത്.
ഇതുകൂടാതെ റബ്ബർ ഹോസിന് മുകളിൽ സ്ലീവ് അഥവാ കവറിങ് ചെയ്യുന്നതായും കാലിക്കടവ് ആണൂരിലെ മെക്കാനിക് കെ പവിത്രൻ പറഞ്ഞു. ഇത്തരം വണ്ടുകൾ റബ്ബർ ട്യൂബിൽ ഇരിക്കുന്നതും മുട്ടയിടുന്നതും തടയാനായി ഗ്രീസ് പുരട്ടണമെന്ന് പടന്നക്കാട് കാർഷിക കോളേജ് എന്റമോളജി വിഭാഗം അറിയിച്ചു.
STORY HIGHLIGHTS: beetles cause petrol leaks in cars