കോഴിക്കോട്
മാവൂരിനടുത്തുള്ള സങ്കേതം തണ്ണീർത്തടത്തിൽ കാതങ്ങൾ താണ്ടി വർണക്കൊക്കുകൾ എത്തി. കേരളത്തിലെ ദേശാടനപ്പക്ഷികളിൽ സുന്ദരന്മാരാണ് ഇവർ. ഹിമാലയം മുതൽ തെക്കെ ഇന്ത്യ വരെ ഇവയെ കണ്ടുവരുന്നു. ഒരു മീറ്ററോളം നീളമുള്ള ഈ പക്ഷി വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ഡാറ്റ ബുക്കിലുണ്ട്. വാലറ്റത്തുള്ള പിങ്ക് നിറമാണ് ഇവയ്ക്ക് വർണക്കൊക്ക് എന്ന പേര് സമ്മാനിച്ചത്.
സങ്കേതം തണ്ണീർത്തടം നിരവധി പക്ഷികളുടെ പറുദീസയാണ്. ഏക്കറുകളോളം പരന്നുകിടക്കുന്ന വയലുകളും അവിടുത്തെ ഭക്ഷണലഭ്യതയുമാണ് ദേശാടനക്കിളികൾ ഉൾപ്പെടെയുള്ള പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്നത്. ചേരാ കൊക്കൻ, കഷണ്ടിക്കൊക്ക്, കാലിമുണ്ടി, മഞ്ഞക്കൊച്ച, കരിങ്കൊച്ച, ചാരമുണ്ടി, കുളക്കൊക്ക്, ചേരക്കോഴി, നീർക്കാട, നീലക്കോഴി, ചൂളൻ എരണ്ട തുടങ്ങിയവയെ ഇവിടെ കണ്ടുവരുന്നു. നിരവധി ആളുകളാണ് പക്ഷികളെ കാണാൻ ദിവസവും സങ്കേതത്തിലേക്ക് എത്തുന്നത്.