ന്യൂഡല്‍ഹി: കാഞ്ചവാല വധക്കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കൊല്ലപ്പെട്ട യുവതി അഞ്ജലി സിങ്ങിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികാക്രമണം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങൡ മുറിവേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. അഞ്ജലിയുടെ കുടുംബാംഗങ്ങള്‍ക്ക് മരണത്തില്‍ മുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതൊരു അപകട മരണം മാത്രമാണെന്ന് വിശ്വസിക്കുന്നില്ല എന്നാണ് അവര്‍ ആരോപിച്ചിരുന്നത്. തിങ്കളാഴ്ച വൈകീട്ട് മൗലാന ആസാദ് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. മൂന്നംഗ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട പാനലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്.
സംഭവസമയത്ത് ഇരയ്ക്കൊപ്പം ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നതായി ദേശീയ തലസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡ പറഞ്ഞു. ‘അവര്‍ക്ക് പരുക്കൊന്നും സംഭവിച്ചില്ല, സംഭവത്തിന് ശേഷം അവരുടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ദൃക്സാക്ഷിയുണ്ട്, ക്രിമിനല്‍ കേസ് 164 വകുപ്പ് പ്രകാരം അവരുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. ഇത് കേസ് ശക്തമാക്കുന്നതിന് സഹായിക്കും. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കും,’ ഹൂഡ പറഞ്ഞു.
പുതുവത്സര ദിനത്തിലായിരുന്നു സംഭവം. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ജലി സിങ്ങിനെ ഇടിച്ചിട്ട കാര്‍ തുടര്‍ന്ന് സുല്‍ത്താന്‍പുരിയില്‍ നിന്ന് കാഞ്ചവാലയിലേക്ക് വലിച്ചിഴക്കുകയായിരുന്നു. കൊല്ലപ്പെട്ട അഞ്ജലി സിംഗിനൊപ്പം ഉണ്ടായിരുന്ന യുവതിക്ക് നിസാര പരിക്കുകളുണ്ടായിരുന്നെന്നും പേടിച്ചുപോയ ഇവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. . തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് രണ്ടാമത്തെ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
സംഭവം അപകടമാണെന്നാണ് യുവതിയുടെ പ്രാഥമിക മൊഴി. സംഭവത്തിന് തൊട്ട് മുന്‍പ് ഇരുവരും ന്യൂയര്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. സംഭവം സംബന്ധിച്ച കൃത്യമായ റിപ്പോര്‍ട്ട് നല്കാന് ആഭ്യന്തരമന്ത്രി അമിത്ഷാ പൊലീസ് കമ്മീഷ്ണര്‍ സഞ്ജയ് അറോറയോട് ആവശ്യപ്പെട്ടു. പ്രതിചേര്‍ക്കപ്പെട്ട അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലക്കുറ്റം , ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവന്റ് പ്ലാനറായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ദീപക് ഖന്ന, മനോജ് മിത്തല്‍, അമിത് ഖന്ന, കൃഷന് , മിഥുന് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. യുവതിയെ ഇടിച്ചതിന് പിന്നാലെ കാറിനടിയില്‍ എന്തോ കുരുങ്ങികിടക്കുന്നതായി സംശയം തോന്നിയിരുന്നുവെന്ന് കാറോടിച്ച ദീപക് ഖന്ന വെളിപ്പെടുത്തി. എന്നാല്‍ മറ്റ് നാല് പേരും യാത്ര തുടരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പിന്നീടാണ് യുവതി കാറിനടിയില്‍ കുരുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതെന്നും പൊലീസിനോട് ഇയാള്‍ വെളിപ്പെടുത്തി. പ്രതികളായ അഞ്ച് പേരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Story Highlights: Delhi Kanjhawala death case: No SEXUAL ASSAULT on victim, says initial autopsy report