കണ്ണൂര്‍: റിസോര്‍ട്ട് വിവാദത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിനോട് ചിരിച്ചും പരിഹാസ രൂപേണ പരസ്പര വിരുദ്ധമായ മറുപടി നല്‍കിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ ഒരുങ്ങവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ധേഹം.
‘കണ്ണൂരില്‍ രാത്രി വലിയ ചൂടാണ്. ഡല്‍ഹിയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വലിയ തണുപ്പാണ്. അന്തരീക്ഷ മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും രാജ്യത്തെ വലിയ പ്രശ്നങ്ങളാണ്.’ രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സംസ്ഥാന സമിതിയില്‍ പി ജയരാജന് ഇപി ജയരാജനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് വരുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അനധികൃതമായ സ്വത്ത് സമ്പാദനം നടത്തിയെന്നും റിസോര്‍ട്ട് നടത്തിയെന്നുമുള്ള ആരോപണങ്ങളാണ് പി ജ.രാജന് ഉന്നയിച്ചതെന്നാണ് വിവാദം.
വിഷയത്തില്‍ പി ജയരാജന് കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ വിവാദം സംബന്ധിച്ച് പ്രതികരിക്കാന്‍ ഇപി ജയരാജന് തയ്യാറായിട്ടില്ല. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുമ്പോള്‍ പാര്‍ട്ടിക്ക് മുമ്പില്‍ വിശദീകരണം നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. റിസോര്‍ട്ട് വിവാദത്തിലെ ചോദ്യങ്ങള്‍ക്ക് ഡല്‍ഹിയില്‍ നല്ല തണുപ്പല്ലേ എന്ന മറുപടിയാണ് ഇപി ജയരാജന് നല്‍കിയത്.
തനിക്ക് റിസോര്‍ട്ടുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല, തന്റെ മകന് 10 ലക്ഷവും ഭാര്യ ഇന്ദിരക്ക് ജില്ലാ ബാങ്കില്‍ നിന്നും റിട്ടയര്‍ ചെയ്തപ്പോഴുള്ള 81 ലക്ഷം രൂപയും പല ആനുകൂല്യങ്ങളില്‍ നിന്നും ലഭിച്ച പണം മാത്രമാണ് ഉള്ളത്. നാട്ടില്‍ ആയുര്‍വേദ ആശുപത്രി വന്നപ്പോള്‍ അവിടെ സഹായം നല്‍കാനായി ശ്രമിച്ചു. എന്ന രീതിയില്‍ വിശദീകരണം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്.
Story Highlights: EP Jayarajan’s reply to questions on resort controversy