ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനേയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്ഷകന് തോമസിന്റെ മകള്‍ സോനയുടെ ചോദ്യങ്ങള്‍ക്ക് ഭരണപക്ഷത്തിന് മറുടിയുണ്ടോ എന്ന് കേന്ദ്രമന്ത്രി ചോദിച്ചു.
‘രാജ്യത്തിനാകെ മാതൃകയായിരുന്ന കേരള മോഡല്‍ ആരോഗ്യ വികസനത്തെ മാറി മാറി ഭരിച്ചവര്‍ എങ്ങനെ പിന്നോട്ടടിച്ചു എന്നതിന്റെ തെളിവാണിത്. ഭാരതയാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി എം പി സ്വന്തം മണ്ഡലത്തിന്റെ ഈ ഗതികേട് കാണുന്നുണ്ടോ? വന്യജീവി ആക്രമണം തടയാന്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 77 കോടിയില്‍ 35 കോടിയും ഇക്കൂട്ടര്‍ പാഴാക്കി എന്നു കൂടി കേരളം അറിയുക’, വി മുരളീധരന് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
‘അവിടെ നല്ല ഡോക്ടറോ നഴ്സോ ഒന്നുമുണ്ടായില്ല. ആംബുലന്‍സ്പോലും കിട്ടിയില്ല. മെഡിക്കല്‍ കോളജ് എന്ന ബോര്‍ഡ് വെച്ചതല്ലാതെ അവിടെ മറ്റെന്തുണ്ട്?’ വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്ഷകന് തോമസിന്റെ മകള്‍ സോനയുടെ ഈ ചോദ്യം കേരളത്തിലെ ഭരണക്കാരില്‍ ലജ്ജയുണ്ടാക്കട്ടെ.
പിണറായി വിജയന്റെ ഭരണമാണ്. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമാണ്. രാജ്യത്തിനാകെ മാതൃകയായിരുന്ന കേരള മോഡല്‍ ആരോഗ്യ വികസനത്തെ മാറി മാറി ഭരിച്ചവര്‍ എങ്ങനെ പിന്നോട്ടടിച്ചു എന്നതിന്റെ തെളിവാണിത്. സ്വാതന്ത്ര്യത്തിനും മുമ്പേ മികച്ച ആരോഗ്യകേന്ദ്രങ്ങളും ഡോക്ടര്‍മാരും ഉണ്ടായിരുന്ന സംസ്ഥാനമാണ് കേരളം…!
ഭാരതയാത്ര നടത്തുന്ന എം.പി സ്വന്തം മണ്ഡലത്തിന്റെ ഈ ഗതികേട് കാണുന്നുണ്ടോ?. വന്യജീവി ആക്രമണം തടയാന്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 77 കോടിയില്‍ 35 കോടിയും ഇക്കൂട്ടര്‍ പാഴാക്കി എന്നു കൂടി കേരളം അറിയുക.!
Story highlights: V Muraleedharan criticised Pinarayi Vijayan an Rahul Gandhi