മഞ്ചേരി: പന്ത്രണ്ടുകാരനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് വിധിച്ച് മഞ്ചേരി പോക്സോ അതിവേഗ കോടതി. മലപ്പുറം കോട്ടപ്പടി മുരിങ്ങാത്തൊടി അബ്ദുല്‍ അസീസ് (42) ആണ് പ്രതി. ശിക്ഷ ഈ മാസം 11ന് വിധിക്കും.
2015 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മലപ്പുറത്തെ പള്ളിയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയോട് ഓട്ടോയുമായി എത്തിയ പ്രതി വീട്ടിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ വീടിനടുത്ത് നിര്‍ത്താതെ ഒഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
വീട്ടിലെത്തിയതിന് ശേഷം കരയുകയായിരുന്ന കുട്ടിയോട് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പിറ്റേന്ന് തന്നെ പൊലീസില്‍ പരാതി നല്കി. മലപ്പുറം പൊലീസ് ഇന്‍സ്പെക്ടറായിരുന്ന റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി.
STORY HIGHLIGHTS: court verdict Malappuram POCSO case