തിരുവനന്തപുരം: കെപിസിസി നിര്‍വാഹക സമിതിയില്‍ ശശി തരൂര്‍ എംപിക്കെതിരെ തുറന്നടിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. തരൂരിന്റെ പേരെടുത്ത് പറയാതെയാണ് ഷാഫിയുടെ വിമര്‍ശനം.
”ഒരാള്‍ തെരുവില്‍ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിച്ചു, സമുദായ നേതാക്കളെ കാണുന്നു. ഇതിന് പാര്‍ട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ? നിര്‍മാതാക്കളുടേയും സംവിധായകരുടേയും പിന്തുണയില്ലാതെ ആരും നല്ല നടനായിട്ടില്ല. അടിത്തട്ടില്‍ പ്രവര്‍ത്തിക്കാതെ മണ്ണിന്റെ മണം അറിയില്ല. ഇതിനൊക്കെ പിന്തുണ നല്കുന്നവരേയും നിയന്ത്രിക്കുകയും ശാസിക്കുകയും വേണം.” -ഷാഫി യോഗത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, താന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി തരൂര്‍ രംഗത്തെത്തി. ”പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. ബിജെപിക്ക് പഴയത് പോലെ മുന്നേറ്റമുണ്ടാക്കാന്‍ ഇത്തവണ കഴിയില്ല. പ്രതിപക്ഷം ഒന്നിച്ച് നിന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ മുന്നിലെത്താം. കേരളം എന്റെ കര്‍മ്മഭൂമിയാണ്. പര്യടനമല്ല ഇപ്പോള്‍ നടത്തുന്നത്.” ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും തരൂര്‍ പ്രതികരിച്ചു.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കെതിരെ കെപിസിസി എക്സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സ്വയം സ്ഥാനാര്‍ത്ഥികള്‍ ആവുന്നത് അംഗീകരിക്കാന്‍ ആവില്ല. സംഘടനാ ചട്ടക്കൂട് എല്ലാവര്ക്കും ബാധകമെന്നും അംഗങ്ങള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ആര് എവിടെ മത്സരിക്കണമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. സ്വന്തം നിലയില്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ പാര്‍ട്ടി സംവിധാനം എന്തിനെന്നു ചോദിക്കുകയും പുനഃസംഘടനയില്‍ വീഴ്ച പാടില്ലെന്നും നിര്‍വാഹക സമിതി യോഗത്തില്‍ അംഗങ്ങള്‍ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ചകള്‍ വേണ്ടെന്ന് കെപിസിസി എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്കി. എം പിമാര്‍ക്ക് മടുത്തെങ്കില്‍ മാറിനില്‍ക്കാം എന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്ന് അധ്യക്ഷന്‍ കെ സുധാകരന് വ്യക്തമാക്കി. ഇനി സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പറയാന്‍ നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എവിടെ മത്സരിക്കുമെന്ന് പറയുന്നതും പകരക്കാരനെ കണ്ടെത്തുന്നതും നോക്കി നില്‍ക്കില്ലെന്നും സുധാകരന് വ്യക്തമാക്കി.