കോട്ടയം: യൂത്ത് കോൺഗ്രസ് നേതാവിനെ ഡിസിസി സെക്രട്ടറി മർദ്ദിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് നേതാവ് മനു കുമാറിനാണ് മർദ്ദനമേറ്റത്. ഡിസിസി സെക്രട്ടറി ലിബിൻ ഐസക്കിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ലോഗോസ് ജങ്ഷനിലെ വക്കീൽ ഓഫീസിൽ വെച്ചായിരുന്നു സംഭവം.
ലിബിൻ കല്ലുകൊണ്ട് മനുവിൻ്റെ പുറത്തിടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ബഫർസോൺ സമര പരിപാടിയുടെ പോസ്റ്ററിൽ നിന്ന് ഉമ്മൻ ചാണ്ടിയെ നീക്കം ചെയ്തതിനെ മനു വാട്സ് ആപ്പ് ഗ്രൂപ്പിൽ ചോദ്യം ചെയ്തിരുന്നു. ഇതാണ് ലിബിൻ മർദ്ദിക്കാൻ കാരണമെന്നാണ് മനു പറയുന്നത്. മർദ്ദനമേറ്റ മനു ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കോട്ടയം ഡി സി സി സംഘടിപ്പിക്കുന്ന ബഫര്‍ സോണ്‍ വിരുദ്ധ സമരത്തിന്റെ പോസ്റ്ററില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് വിവാദമായിരുന്നു. ചൊവ്വാഴ്ച കോരുത്തോട് നടത്താനിരുന്ന ബഫര്‍ സോണ്‍ വിരുദ്ധ സമരത്തിന്റെ പോസ്റ്ററില്‍ നിന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. മാസങ്ങള്‍ക്ക് മുന്‍പ് ശശി തരൂരിന്റെ കോട്ടയത്തെ പരിപാടിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് എന്നത് ശ്രദ്ധേയമാണ്. എ ഐ ഗ്രൂപ്പ് പോരാണ് ഉമ്മന്‍ചാണ്ടിയുടെ ചിത്രം പോസ്റ്ററില്‍ ഉള്‍പ്പെടുത്താതിന് പിന്നിലെന്നാണ് പറയുന്നത്. എന്നാൽ എ ഗ്രൂപ്പ് നേതാക്കള്‍ ഡി സി സി നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തുകുര്യന്‍ അടക്കമുള്ള ഉമ്മന്‍ചാണ്ടി അനുകൂലികള്‍ ആണ് ഡി സി സി നേതൃത്വത്തെ അതൃപ്തി അറിയിച്ചിരിക്കുന്നത്.
എന്നാല്‍ വിവാദത്തിന്റെ ആവശ്യമില്ല എന്നും പരിപാടിയില്‍ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്ററില്‍ വെച്ചത് എന്നുമാണ് കോട്ടയം ഡിസിസിയുടെ വിശദീകരണം. ബഫര്‍ സോണ്‍ വിരുദ്ധ സമരം ഉദ്ഘാടനം ചെയ്യുന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കെ സി ജോസഫിന്റെയും ചിത്രങ്ങള്‍ പോസ്റ്ററില്‍ ഉണ്ട്. ഇതിനു പിന്നാലെ ഉമ്മൻ ചാണ്ടിയെ നീക്കം ചെയ്തത് ചോദ്യം ചെയ്ത് യൂത്ത കോൺഗ്രസ് നേതാവിനെയാണ് ഡിസിസി സെക്രട്ടറിമർദ്ദിച്ചത്.
STORY HIGHLIGHTS: Complaint against DCC secretary for beating Kottayam Youth Congress leader