ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ അര്‍ജന്റൈന്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കാന്‍ യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ രംഗത്ത്. 21കാരനായ താരത്തിന്റെ ട്രാന്‍സ്ഫറിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുമുണ്ട്. റൂമറുകള്ക്കിടെ മറുപടിയായി എത്തിയിരിക്കുകയാണ് അര്‍ജന്റൈന്‍ മിഡ് ഫീല്‍ഡര്‍.
‘ഭാവി ട്രാന്‍സ്ഫറുകളെ കുറിച്ച് എനിക്കൊന്നും അറിയില്ല. എന്റെ പ്രതിനിധിയാണ് ഇക്കാര്യങ്ങളെല്ലാം നോക്കുന്നത്’ എന്‍സോ ഫെര്‍ണാണ്ടസ് പറഞ്ഞു. ‘ആ വിഷയത്തിലേക്ക് കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ക്ലബ്ബായ ബെനഫികയില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങള്‍ക്ക് വെള്ളിയാഴ്ച ഒരു മത്സരമുണ്ട്.’ എന്‍സോ കൂട്ടിച്ചേര്‍ത്തു. ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോക്ക് നല്കിയ അഭിമുഖത്തിലാണ് എന്‍സോയുടെ പ്രതികരണം.
റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍ പൂള് എന്നീ ക്ലബ്ബുകള്‍ എന്‍സോയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഖത്തര്‍ ലോകകപ്പ് നേടിയതോടെ പല അര്‍ജന്റൈന്‍ താരങ്ങളുടെയും വിപണിമൂല്യം ഉയര്‍ന്നു. ലോകകപ്പില്‍ മികച്ച യുവതാരത്തിനുള്ള പുരസ്കാരം എന്‍സോ ഫെര്‍ണാണ്ടസിനാണ് ലഭിച്ചത്. മെസ്സിക്ക് ശേഷം ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഇരുപത്തിയൊന്നുകാരനായ എന്‍സോയാണ്.
ഖത്തര്‍ ലോകകപ്പിലെ മികച്ച പ്രകടനത്തില്‍ എന്‍സോയെ അഭിനന്ദിച്ച് മെസ്സിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ‘എന്‍സോയുടെ പ്രകടനം എന്നെ ഒരിക്കലും അത്ഭുതപ്പെടുത്തിയിരുന്നില്ല. കാരണം എനിക്ക് അവനെ അറിയാം. അവന് പരിശീലനത്തിനിറങ്ങുന്നതും ഞാന്‍ കാണാറുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ എനിക്കെതിരെ അവന് കളിച്ചിട്ടുണ്ട്. എന്‍സോ മികച്ച യുവതാരത്തിനുള്ള പുരസ്കാരം അര്‍ഹിക്കുന്നു. ഞങ്ങളുടെ ടീമിന്റെ പ്രകടനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഏറ്റവും മികച്ച യുവതാരമാണ് എന്‍സോ.’ മെസ്സി പറയുകയുണ്ടായി.
Story highlights: Not decided yet Enzo Fernandez on big transfer rumors