ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമീപകാലത്തെ ഏറ്റവും വലിയ വാര്‍ത്താ സംഭവമായി മാറിക്കഴിഞ്ഞു. കന്യാകുമാരിയില്‍ നിന്നാരംഭിച്ച് ഡല്‍ഹിയിലെത്തിയപ്പോള്‍ കൊടും തണുപ്പിനെ പ്രതിരോധിച്ച് കൊണ്ടാണ് യാത്ര മുന്നേറിയത്. ഇതിനിടെ രാഹുല്‍ഗാന്ധിയുടെ വസ്ത്രധാരണവും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. അതിശൈത്യത്തില്‍ രാജ്യ തലസ്ഥാനം വിറങ്ങലിച്ച് നില്‍ക്കവെ ചെരുപ്പിടാതെ ടീ ഷര്‍ട്ടും പാന്റും മാത്രം ധരിച്ചാണ് കോണ്‍ഗ്രസ് എംപി സ്മാരകങ്ങള്‍ സന്ദര്‍ശിച്ചത്.
ബിജെപിയുടെ സമാരാധ്യനായ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മാരകത്തില്‍ ആദരം അര്‍പ്പിച്ചതിനെ ചിലര്‍ വെറും രാഷ്ട്രീയ തന്ത്രമെന്ന് വിമര്‍ശിച്ചു. മഹാത്മാ ഗാന്ധിയുടെ പാതയാണ് രാഹുല്‍ പിന്തുടരുന്നതെന്ന് മറുവിഭാഗവും ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിക്ക് തണുപ്പ് അനുഭവപ്പെടുന്നില്ലേ എന്നാണ് പുറത്തിറങ്ങാന്‍ പോലും മടിക്കുന്ന ഡല്‍ഹിക്കാര്‍ ചോദിക്കുന്നത്. കൊടും തണുപ്പിലും വെറും ടീഷര്‍ട്ട് ധരിച്ച് നടക്കുന്ന രാഹുല്‍ ഗാന്ധി ശാസ്ത്ര ലോകത്തും ചര്‍ച്ചാ വിഷയമായി മാറി.
ഒരു വിഭാഗം മനുഷ്യരിലെ ജനിതക ഘടനയിലെ മാറ്റവും പരിണാമവുമാണ് തണുപ്പിനെ നേരിടാനുള്ള രാഹുലിന്റെ കരുത്തിന് പിന്നിലെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. നമ്മുടെ നാഡീവ്യവസ്ഥയില്‍ ഒരു പ്രത്യേക നാഡീകോശ റിസപ്റ്ററുകള്‍ ഉണ്ട്. ബാഹ്യ പാരിസ്ഥിതിക മാറ്റങ്ങള്‍ക്ക് അനുസരിച്ച് പ്രതികരിക്കാന്‍ തലച്ചോറിനെ പ്രേരിപ്പിക്കുന്നത് ഇവയാണ്.
ജനിതക മാറ്റങ്ങള്‍ ചില ആളുകളില്‍ അസാധാരണ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് 2021ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ചിലരുടെ റിസപ്റ്ററുകള്‍ ചൂടിനോടും തണുപ്പിനോടും ഉയര്‍ന്ന സഹിഷ്ണുത വളര്‍ത്തിയെടുക്കും. കഠിനമായ ചൂടിലും കഠിനമായ തണുപ്പിലും ചിലര്‍ കൂസലില്ലാതെയിരിക്കുന്നത് ഇതുകൊണ്ടാണെന്നാണ് ശാസ്ത്രം പറയുന്നത്. ഈ ശാരീരിക അവസ്ഥ ഒറ്റപ്പെട്ട പ്രതിഭാസവുമല്ല.
ഏതാണ്ട് 800 കോടിയാണ് ലോക ജനസംഖ്യ. ഇതില്‍ 150 കോടിയോളം പേര്‍ക്ക് ഈ തണുപ്പ്-ചൂട് സഹിഷ്ണുത ഉണ്ടത്രെ. ‘അമേരിക്കന്‍ ജേണല്‍ ഓഫ് ഹ്യൂമന്‍ ജനറ്റിക്‌സില്‍’ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഇത്തരക്കാരുടെ എല്ലിനോട് ചേര്‍ന്ന പേശീനാരില്‍ ‘എ ആക്ടിനിന്‍ ത്രീ’ എന്ന പ്രോട്ടീന്‍ ഇല്ലെന്നും ഇതാണ് സഹിഷ്ണുതയ്ക്ക് കാരണമെന്നും വ്യക്തമാക്കുന്നു. അസ്ഥിയോട് ചേര്‍ന്ന പേശികള്‍ സ്ലോ ട്വിച്ച്-ഫാസ്റ്റ് ട്വിച്ച് (ട്വിച്ച് എന്നാല്‍ വിറയല്‍) എന്നീ നാരുകള്‍ ചേര്‍ന്നതാണ്. സ്ലോ ട്വിച്ച് നാരുകളാണ് സഹിഷ്ണുതയ്ക്കും ഊര്‍ജത്തിനും ചാലകമാകുന്നത്. ഫാസ്റ്റ് ട്വിച്ച് പേശികള്‍ നൊടിയിടയിലുള്ള കുതിപ്പുകള്‍ക്കും ചലനങ്ങള്‍ക്കും കാരണമാകുന്നു.
‘എ ആക്ടിനിന്‍ ത്രീ’ ഇല്ലാത്ത മനുഷ്യര്‍ക്ക് ശരീരോഷ്മാവ് നിയന്ത്രിച്ച് നിര്‍ത്താന്‍ ശേഷി കൂടുതലുണ്ടെന്ന് കരോലിന്‍സ്‌കഇന്‍സ്റ്റിയൂട്ട് ഫിസിയോളജി ആന്‍ഡ് ഫാര്‍മക്കോളജിയിലെ ഗവേഷകര്‍ പറയുന്നു. ആക്ടിനിന്‍ ത്രീയുടെ അഭാവം മസിലുകളെ ദോഷകരമായി ബാധിക്കില്ലെങ്കിലും പെട്ടെന്നുള്ള കുതിപ്പിന് അത് ഹാനികരമാകുമെന്നാണ് കണ്ടെത്തല്‍. ജനിതക മാറ്റത്തിനൊപ്പം ശരീരത്തിലെ കൊഴുപ്പിന്റെ അളവും ആരോഗ്യ അവസ്ഥയും സഹിഷ്ണുതയെ നിര്‍ണയിക്കുന്ന ഘടകങ്ങളാണെന്ന് അപ്പോളോ ആശുപത്രി ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. പ്രഭാത് രഞ്ജന്‍ സിന്‍ഹ വ്യക്തമാക്കി.
STORY HIGHLIGHTS: Rahul Gandhi s health is a topic of discussion in the scientific world