ജെനീവ: നോയിഡ ആസ്ഥാനമായുള്ള മരിയോണ്‍ ബയോട്ടെക് കമ്പനി നിര്‍മിക്കുന്ന ചുമയ്ക്കുള്ള സിറപ്പുകള്‍ നിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ. ഉസ്ബെക്കിസ്ഥാനില്‍ നിന്നും സിറപ്പിനെതിരായി വ്യാപകമായി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന ഉത്പന്നങ്ങള്‍ നിരോധിച്ചത്. 2022 ഡിസംബര്‍ 22 നാണ് മരിയോണ്‍ ബയോട്ടെകിന്റെ രണ്ട് ഉത്പന്നങ്ങള്‍ക്ക് നേരെയുള്ള പരാതി ലഭിക്കുന്നത്. കുട്ടികള്‍ക്ക് അവ നിര്‍ദേശിക്കരുതെന്നാണ് ഡബ്ല്യൂഎച്ച്ഒ പറയുന്നത്. ആംബ്രോണോള്‍ സിറപ്പ്, ഡോക്1 മാക്സ് സിറപ്പ് എന്നീ ഉല്‍പ്പന്നങ്ങള്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. അതേ സമയം ഉസ്ബെക്കിസ്ഥാനില്‍ നിന്ന് കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഫാര്‍മ മരിയോണ്‍ ബയോടെക് പ്രതിസന്ധിയിലായിരിക്കുകയാണ്.
‘മരിയോണ്‍ ബയോടെക് നിര്‍മ്മിക്കുന്ന മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മയുടെ മാനദണ്ഡങ്ങളോ സവിശേഷതകളോ പാലിക്കുന്നില്ല, രണ്ട് ഉത്പന്നങ്ങള്‍ നിലവാരമില്ലാത്തതായി റിപ്പോര്‍ട്ടുകളുണ്ട്’, ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. ഇത്തരം നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമല്ലെന്നും അവയുടെ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളില്‍, ഗുരുതരമായ പരിക്കുകള്‍ക്കോ മരണത്തിനോ കാരണമായേക്കാം എന്നും യുഎന്‍ ആരോഗ്യ ഏജന്‍സി കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 22 ന് മരിയോണ്‍ ബയോടെക് കമ്പനി നിര്‍മ്മിച്ച മരുന്നുകള്‍ കഴിച്ച് 18 കുട്ടികള്‍ മരിച്ചതായി ഉസ്ബെക്കിസ്ഥാന് ആരോപിച്ചിരുന്നു.
കുഞ്ഞുങ്ങള്‍ക്കുള്ള ചുമയുടെ രണ്ട് സിറപ്പുകള്‍ക്കാണ് നിലവാരമില്ലാത്തതായി കണ്ടെത്തിയത്. കൂടാതെ ഉസ്ബെക്കിസ്ഥാനിലെ ആരോഗ്യ മന്ത്രാലയത്തിന്റെ പരിശോധനയില്‍ രണ്ട് ഉല്‍പ്പന്നങ്ങളിലും അളവില്‍ കൂടുതല്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട മരിയോണ്‍ ബയോടെക് കമ്പനിയുടെ പ്രൊഡക്ഷന്‍ ലൈസന്‍സ് ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് വിഭാഗം ചൊവ്വാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു.
Story Highlights: “Substandard”: WHO Alert On 2 Indian Syrups After Uzbekistan Child Deaths