ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് ദിവസങ്ങള്‍ മാത്രമേ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര പര്യടനം നടത്തിയുള്ളൂ എങ്കിലും യാത്രക്ക് ലഭിച്ച ജനസ്വീകാര്യതയില്‍ അത്ഭുതത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. ലോണി അതിര്‍ത്തി മുതല്‍ മുസ്ലിം ജനവിഭാഗങ്ങള്‍ കൂട്ടത്തോടെ എത്തിയതാണ് ജനക്കൂട്ടത്തിനുള്ള ഒരു കാരണമെന്നാണ് വിശദീകരണം.
‘യാത്ര കടന്നുപോവുന്ന പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് ജില്ലകളില്‍ സാമാന്യം വലിയ മുസ്ലിം ജനസംഖ്യയുണ്ട്. മദ്രസ കുട്ടികള്‍, ബുര്‍ഖ ധരിച്ച സ്ത്രീകള്‍, പുരോഹിതര്‍ തൊട്ട് ഒരുപാട് പേര് രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കാനായി എത്തി’, ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ബിജെപിക്കെതിരെയും ആര്‍എസ്എസിനെതിരെയും തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച് മുസ്ലിം ജനസാമാന്യത്തിലേക്ക് എത്താന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകന് സയിദ് കാസിം പറഞ്ഞു. മുസ്ലിംകള്ക്ക് വേണ്ടി ഒരുപാട് പാര്‍ട്ടികള്‍ സംസാരിക്കുന്നില്ല. പക്ഷെ രാഹുല്‍ സംസാരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യാദവരോടൊപ്പം മുസ്ലിംകളും വോട്ട് ബാങ്കായ സമാജ്വാദി പാര്‍ട്ടിയെ ഈ പുതിയ ട്രെന്‍ഡ് ഭയപ്പെടുത്തുമോ എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെതിരെയല്ല ബിജെപിക്കെതിരെയാണ് പോരാടുന്നത് എന്നാണ് സമാജ്വാദി പാര്‍ട്ടി വക്താവ് സുനില്‍ സിങിന്റെ പ്രതികരണം.
സംസ്ഥാനത്ത് ഇനി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക 2027ലാണെങ്കിലും എല്ലാ പാര്‍ട്ടികളുടെയും മനസ്സില്‍ 2024 ലോക്സഭ തെരഞ്ഞെടുപ്പാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമാവാന്‍ എസ്പിയെയും ബിഎസ്പിയെയും കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നുവെങ്കിലും അവര്‍ ക്ഷണം നിരാകരിക്കുകയായിരുന്നു.
Story Highlights: UP Congress Party leaders and workers say they’re enthused after the public response for bharat jodo yatra