കൊളോണ്‍: ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയന് ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്റെ (ഉഗ്മ) സാഹിത്യ അവാര്‍ഡ് ഡോ. ജോര്‍ജ് തയ്യിലിന്. മുന്‍ പത്രപ്രവര്‍ത്തകനും പ്രശസ്ത ഹൃദ്രോഗവിദഗ്ധനുമായ ജോര്‍ജ് തയ്യിലിന്റെ ആത്മകഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ജനുവരി ഏഴിന് നെടുമ്പാശ്ശേരി സാജ് എര്ത് ഹാളില്‍ വെച്ചു നടക്കുന്ന എന്ആര്ജെ കണ്‍വെന്‍ഷനില്‍ മന്ത്രി റോഷി അഗസ്റ്റിന് അവാര്‍ഡ് നല്‍കുമെന്ന് ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോണ്‍ നെടുംതുരുത്തി അറിയിച്ചു.
ഡോ. ജോര്‍ജ് തയ്യിലിന്റെ അതിമനോഹരമായ ജീവിതാനുഭവങ്ങളാണ് ‘സ്വര്‍ണം അഗ്നിയിലെന്ന പോലെ ഒരു ഹൃദ്രോഗ വിദഗ്ധന്റെ ജീവിത സഞ്ചാരകുറിപ്പുകള്‍’ എന്ന പുസ്തകം. എഴുപതുകളുടെ ആദ്യത്തില്‍ മ്യൂണിക് എന്ന മഹാനഗരത്തില്‍ എത്തിയ തയ്യിലിന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അഭയം നല്കിയതും നാല് പതിറ്റാണ്ടുകള്‍ ആത്മബന്ധം പുലര്‍ത്തിയതും ആത്മകഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലം ചെയ്ത ബെനഡിക്ട് പതിനാറാമന്റെ പുറംലോകം അറിയാത്ത ഒരുപാട് സവിശേഷതകള്‍ ആത്മകഥയില്‍ പറയുന്നു.
ജര്‍മനിയിലും ഓസ്ട്രിയയിലും 20 വര്‍ഷത്തോളം പഠനവും ജോലിയും ചെയ്ത ഡോ. ജോര്‍ജ് തയ്യില്‍ പിന്നീട് 30 വര്‍ഷമായി എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ ഹൃദ്രോഗവിഭാഗത്തിന്റെ മേധാവിയായി സേവനം അനുഷ്ഠിച്ചു വരികയാണ്. മുന്‍കാലങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ എത്തുന്ന മലയാളികള്‍ ജീവിതം കെട്ടിപ്പടുക്കാന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ആത്മകഥയില്‍ കൃത്യമായി പറയുന്നുണ്ട്. ഡോ. തയ്യിലിന്റെ ഏഴാമത്തെ പുസ്തകമായ ‘സ്വര്‍ണം അഗ്നിയിലെന്ന പോലെ’ ഡിസി ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചത്.
STORY HIGHLIGHTS: UGMA literary award for Dr. George Thayil’s autobiography