റിയാദ്: ഇസ്ലാമിക വിശ്വാസികള്‍ ക്രിസ്തുമസ് ആശംകള്‍ നേരുന്നതിനെ ഇസ്ലാം തടയുന്നില്ലെന്ന് മുസ്ലീം വേള്‍ഡ് ലീഗ് പ്രസിഡൻ്റ് ഷെയ്ഖ് ഡോക്ടര്‍ മുഹമ്മദ് അല്‍ ഇസ്സ. ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് ആശംസകള്‍ നേരുന്നതിനെ തടയുന്ന യാതൊന്നും തന്നെ ഇസ്ലാമിക ശരീഅത്ത് നിയമങ്ങളില്‍ ഇല്ലെന്ന് അല്‍ ഇസ്സ വ്യക്തമാക്കി. മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മുസ്ലീം വേള്‍ഡ് ലീഗ്. ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം ഉയര്‍ത്തിപിടിക്കുക എന്ന ലക്ഷ്യമാണ് മുസ്ലീം വേള്‍ഡ് ലീഗ് മുന്നോട്ടുവെയ്ക്കുന്നത്.
ഇതര മതവിഭാഗത്തിൻ്റെ ആഘോഷദിനങ്ങളില്‍ ഇസ്ലാം വിശ്വാസികള്‍ ആശംസ നേരുന്നതിനെതിരെ ചില ഇസ്ലാമിക പണ്ഡിതര്‍ മതപരമായ വിലക്ക് പുറപ്പെടുവിച്ചിരുന്നു. ഈ നടപടി പരാമര്‍ശിച്ചു സംസാരിക്കുകയായിരുന്നു അല്‍-ഇസ്സ. ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ എതിര്‍ക്കുന്ന യാതൊരുവിധ നടപടിയേയും അനുവദിക്കില്ലെന്ന് അല്‍- ഇസ്സ വ്യക്തമാക്കി. ആഘോഷദിനത്തില്‍ ഒരു മുസ്ലീം ഇതരമത വിശ്വാസത്തില്‍പ്പെടുന്നവരെ ആശംസിച്ചാല്‍ അത് മറ്റൊരു മതവിശ്വാസത്തെ അംഗീകരിക്കുകയാണെന്നല്ല അര്‍ഥമാക്കുന്നതെന്ന് അല്‍-ഇസ്സ പറഞ്ഞു. ഇത് ഇസ്ലാമിന്റെ അന്തസ് ഉയര്‍ത്തി പിടിക്കുക മാത്രമാണ് ചെയ്യുകയെന്നും അല്‍-ഇസ്സ അഭിപ്രായപ്പെട്ടു. പരസ്പര സഹവര്‍ത്തിത്വത്തിലും സഹോദര്യത്തിലും ഊന്നിയ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുകയാണ് ഇത്തരത്തില്‍ സന്ദേശം കൈമാറുന്നതിലൂടെ ഇസ്ലാമിക വിശ്വാസികള്‍ ചെയ്യുന്നത്.
ക്രിസ്ത്യന്‍, ജൂത വിശ്വാസികളുടെ ഭക്ഷണം കഴിക്കുന്നതും ഇസ്ലാം അനുവദിച്ചിട്ടുണ്ടെന്നും അല്‍- ഇസ്സ ചൂണ്ടിക്കാട്ടി. ക്രിസ്തുമസ് ആശംസകള്‍ നേരുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരോധനം ഏർപ്പെടുത്തുന്ന നടപടിയാണ് ചില മുസ്ലീം പണ്ഡിതര്‍ കാലങ്ങളായി പിന്തുടരുന്നത്. ഇത്തരത്തിലുള്ള നിരോധനങ്ങള്‍ പലപ്പോഴും വന്‍തോതില്‍ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയും ചെയ്തിരുന്നു.
STORY HIGHLIGHTS: Nothing in Islam prohibits exchanging Christmas greetings says head of Muslim World League