കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മൂന്നാം പ്രതി ലൈല(53)യുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യം തള്ളിയത്. പ്രതിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ സ്ത്രീയെന്ന ആനുകൂല്യം നൽകാനാകില്ല. അങ്ങേയറ്റം ഭയപ്പെടുത്തുന്ന കുറ്റകൃത്യമാണ് അരങ്ങേറിയതെന്നും വ്യക്തമാക്കികൊണ്ടായിരുന്നു ജാമ്യാപേക്ഷ തള്ളിയത്.
നേരത്തെ എറണാകുളം അഡിഷണൽ സെഷൻസ് കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കേരളത്തെ നടുക്കിയ ഇലന്തൂർ നരബലി കേസിലെ പ്രതിയായ ലൈല ഒക്ടോബർ 11 മുതൽ ജയിലിലാണ്. എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന പത്മ, കാലടി സ്വദേശിനി റോസ്ലിൻ എന്നിവരെയാണ് അതി ക്രൂരമായി കൊലപ്പെടുത്തിയത്.
പ്രോസിക്യൂഷൻ കെട്ടിച്ചമച്ച വാദം അവിശ്വസനീയമാണ്. ലൈല സാക്ഷി മാത്രമായിരുന്നു എന്നായിരുന്നു അഭിഭാഷകൻ്റെ വാദം. ലൈലക്കെതിരെ തെളിവുകളില്ലെന്നും കോടതിയിൽ വാദിച്ചു. കേസിൻ്റെ സാഹചര്യ പരിശോധനയിൽ ഇവർക്ക് പങ്കുള്ളത് പ്രഥമദൃഷ്ടയാൽ വ്യക്തമാണന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസിൽ കൊല്ലപ്പെട്ട പത്മയേയും റോസ്ലിനേയും കൂട്ടിക്കൊണ്ട് വന്നത് ഒന്നാം പ്രതി പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫിയാണ്. ദമ്പതികളായ രണ്ടാം പ്രതി ഭഗവൽസിങും മൂന്നാം പ്രതിയായ ലൈല എന്നിവരുടെ സഹായത്തോടെ അതി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹങ്ങൾ പല കഷ്ണങ്ങളാക്കി വീടിൻ്റെ സമീപത്ത് കുഴിച്ചിട്ടെന്നായിരുന്നു കേസ്.
STORY HIGHLIGHTS: High Court rejected the bail application of e third accused in the Elantoor case