റോം: ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ ഇറാന് ഭരണകൂടത്തിന്റെ നിലപാടില്‍ പ്രതിഷേധമറിയിച്ച് ഇറ്റലി. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി അന്റോണിയോ ടജാനി ഇറാന് അംബാസിഡര്‍ മുഹമ്മദ് റെസ സബൂരിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കുകയായിരുന്നു. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
‘ഒരു തരത്തിലും അംഗീകരിക്കാനാവാത്ത വിധം ലജ്ജാകരം’ എന്നാണ് ഇറാന് പ്രക്ഷോഭത്തില്‍ ഇറ്റലി നേരത്തെ പ്രതികരിച്ചത്. കുര്‍ദിഷ് വനിത മഹ്സഅമിനി ഇറാനിയന്‍ സദാചാര പൊലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങളില്‍ തുടക്കം മുതല്‍ ഇറ്റലി ശക്തമായി പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ഇറാനിലെ സ്ത്രീകളുടെ പ്രതിഷേധ സമരത്തെ ശക്തമായി പിന്തുണക്കുന്ന കടുത്ത നിലപാടാണ് ഇറ്റലി സ്വീകരിച്ചത്.
അതേസമയം പുതിയതായി സ്ഥാനമേറ്റെടുത്ത ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി സര്‍ക്കാര്‍ ഇറാനുമായി നയതന്ത്ര ബന്ധത്തിന് വാതിലുകള്‍ തുറന്നിടുന്ന സമീപനമാണ് സ്വീകരിക്കുന്നു എന്ന് ആരോപണമുണ്ട്. ഇറാന്റെ ആണവ പദ്ധതികള്‍ സംബന്ധിച്ച വിഷയങ്ങളില്‍ തുറന്ന സമീപനം കൈക്കൊള്ളാനാണ് ഇറ്റലി താല്പര്യപ്പെടുന്നതെന്ന് അന്റോണിയോ ടജാനി പറഞ്ഞു.
കഴിഞ്ഞ നാലുമാസമായി ഇറാനില്‍ ഹിജാബ് വിരുദ്ധപ്രതിഷേധം പ്രകമ്പനം കൊള്ളുകയാണ്. പ്രതിഷേധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നൂറുപെരെയെങ്കിലും വധശിക്ഷക്കുവിധിച്ചതായി ഓസ്ലോ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി.
STORY HIGHLIGHTS: Italy summons Iranian envoy over protests