ലണ്ടന്‍: ഇറാന്‍ റവലൂഷണറി ഗാര്‍ഡിനെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിക്കാനൊരുങ്ങി യുകെ. ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഏഴോളം യുകെ പൗരന്‍മാരെ അറസ്റ്റുചെയ്ത ഇറാന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇറാന്‍ റവലൂഷണറി ഗാര്‍ഡിനെ ഭീകരവാദ ഗ്രൂപ്പായി പ്രഖ്യാപിക്കാന്‍ യുകെ തീരുമാനിച്ചത്. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ യുകെയുമായി ബന്ധമുള്ളവരെ ഭീകരവാദഗ്രൂപ്പുകളെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ദി ടെലിഗ്രാഫ് പത്രമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്‍ റവലൂഷണറി ഗാര്‍ഡിനെ തീവ്രവാദ ഗ്രൂപ്പായി ആഴ്ച്ചകള്‍ക്കകം തന്നെ യുകെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ടോം ടുഗെന്‍ധതും ആഭ്യന്തര സെക്രട്ടറി സ്യൂല്ല ബ്രവര്‍മാനും ഇക്കാര്യത്തില്‍ പിന്തുണ നല്‍കിയെന്നാണ് അറിയുന്നത്. ഇറാന്‍ റവലൂഷണറി ഗാര്‍ഡിനെ ഭീകരവാദ ഗ്രൂപ്പായി പ്രഖ്യാപിക്കുന്നതോടെ ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നതിനെ ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കപ്പെടും. കൂടാതെ ഗ്രൂപ്പിന്റെ യോഗങ്ങളില്‍ പങ്കെടുക്കുന്നതും ലോഗോ പൊതുഇടത്തില്‍ വഹിക്കുന്നതും കുറ്റകൃത്യമായി കണക്കാക്കും. അതേസമയം ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ യുകെ ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല.
കുര്‍ദിഷ് വനിത മഹ്‌സഅമിനി ഇറാനിയന്‍ സദാചാര പാലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പൊട്ടിപുറപ്പെട്ട പ്രക്ഷോഭത്തില്‍ നിരവധിപേരെയാണ് ഇറാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്. നിരവധി പേര്‍ക്ക് പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭകാരികള്‍ക്കെതിരെ ഇറാന്‍ കൈക്കൊള്ളുന്ന നടപടികളില്‍ യുകെ അടക്കം പല രാജ്യങ്ങളും നേരത്തെ തന്നെ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
STORY HIGHLIGHTS: It is suggested that the UK may declare Iran’s Revolutionary Guard as a terrorist group within weeks