അജിത് നായകനായ ‘തുനിവ്’ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ ആരാധകൻ മരിച്ച സംഭവം ഏറെ ചർച്ചയായിരിക്കുകയാണ്. സൂപ്പർതാരങ്ങളുടെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ ഇത്തരങ്ങൾ സംഭവങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരോട് ഉത്തരവാദിത്തോടെ പെരുമാറണമെന്ന് പറയുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.
‘ആരാധകർ അവരുടെ ഉത്തരവാദിത്തങ്ങൾ തിരിച്ചറിഞ്ഞ് അതനുസരിച്ച് പെരുമാറിയാൽ നന്നാകും. ഇത് വെറും സിനിമ മാത്രമാണ്. ഇതിനായി ജീവൻ കളയേണ്ടതില്ല. ഇത് വിനോദത്തിന് മാത്രമുള്ളതാണ്, അവർ സന്തോഷത്തോടെ സിനിമകൾ കാണുകയും ഉത്തരവാദിത്തത്തോടെ വീട്ടിലേക്ക് മടങ്ങുകയും വേണം. ആഘോഷങ്ങൾക്കായി ഒരാൾ ജീവൻ പണയപ്പെടുത്തേണ്ടതില്ലെന്ന് ഞാൻ വിശ്വസിക്കുന്നു’, ലോകേഷ് കനകരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ് അജിത് ആരാധകൻ മരണപ്പെട്ടത്. നൃത്തം ചെയ്യുന്നതിനിടെ ലോറിയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു. തിയേറ്ററിന് മുന്നിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന ലോറിയില്‍ ചാടിക്കയറിയതായിരുന്നു ഇയാള്‍. എന്നാല്‍ നൃത്തം ചെയ്തതോടെ നില തെറ്റി താഴെ വീണു. നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
അജിത്-വിജയ് സിനിമകളുടെ റിലീസ് ദിനമായ 11-ന് തമിഴ്നാട്ടിൽ നിരവധി സ്ഥലങ്ങളിൽ ആരാധകർ തമ്മിൽ സംഘർഷങ്ങൾ നടന്നു. രോഹിണി തിയേറ്ററിന് സമീപം അജിത്തിന്റെയും വിജയ്യുടെയും ആരാധകര്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എഎന്‍ഐ ട്വീറ്റ് ചെയ്ത ഒരു വീഡിയോയില്‍ സിനിമ തിയേറ്ററിന് പുറത്തുള്ള ഫ്ലെക്സ് ഹോർഡിംഗുകൾ കീറുകയും, ചിലതിന് മുകളില്‍ ആളുകള്‍ കയറി അവ ഇളക്കാന്‍ ശ്രമിക്കുന്നതും കാണാം. പൊലീസ് ലാത്തി വീശിയാണ് ഇരുകൂട്ടരെയും ഓടിച്ച് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
story highlights: lokesh kanagaraj requests super stars fans to celebrate movies with responsibility