സൂപ്പർതാര ചിത്രങ്ങളുടെ റിലീസ് ദിനം ആരാധകർക്ക് ആഘോഷത്തിന്റേത് കൂടിയാണ്. എന്നാൽ ആരാധകരുടെ ഈ ആഘോഷങ്ങൾ പലപ്പോഴും അതിരുകടക്കാറുമുണ്ട്. അത്തരത്തിൽ തിയേറ്ററിന് തകരാർ സംഭവിക്കും വിധമുള്ള ഒരു ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
നന്ദമുറി ബാലകൃഷ്ണ നായകനാകുന്ന പുതിയ ചിത്രം ‘വീര സിംഹ റെഡ്ഡി’യുടെ പ്രദർശനത്തിനിടയിൽ ആരാധകർ സ്ക്രീനിന് തീയിട്ടു. വിശാഖപട്ടണത്തിന് അടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയേറ്ററിലാണ് സംഭവം നടന്നത്. സ്ക്രീനിന് തീ പടരുന്നതും ഇതിനെത്തുടർന്ന് തിയേറ്ററിൽ ഉണ്ടായിരുന്നവരെ വേഗം ഒഴിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
അതേസമയം വീര സിംഹ റെഡ്ഡിക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്ത ചിത്രം ‘പുഷ്പ’ നിർമ്മതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് നിർമ്മിച്ചത്. ശ്രുതി ഹാസൻ നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളി താരം ഹണി റോസും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
story highlights: fans put fire on screen during nandamuri balakrishna new movie screening