ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍. ചൈനയുള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജനുവരി ഒന്ന് മുതലാണ് ഉത്തരവ് നടപ്പിലാക്കുക. ചൈന, ഹോങ്കോങ്ങ്, സിംഗപ്പൂര്‍, ജപ്പാന്‍ , ദക്ഷിണ കൊറിയ, തായ് ലാന്റ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായിരിക്കും നിയമം ബാധകമാവുക. ആര്‍ടിപിസിആര്‍ പരിശോധനാ ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം എന്നാണ് ഉത്തരവില്‍ പറയുന്നത്.
ജനുവരി പകുതിയോടെ കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകുമെന്നും ജാഗ്രത വര്‍ധിപ്പിക്കണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. അതേസമയം വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത ക്വാറന്റീന്‍ നിബന്ധന ചൈന പിന്‍വലിച്ചതായാണ് ലഭിക്കുന്ന വിവരം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഇത്തരത്തിലുള്ള നിലപാട്.
ജനുവരി എട്ട് മുതല്‍ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഉണ്ടാകില്ല. എന്നാല്‍ വിദേശത്ത് നിന്നെത്തുന്നവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുമെന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. ചൈന ഔദ്യോഗികമായി കണക്കുകളൊന്നും പുറത്തു വിടുന്നില്ലെങ്കിലും 10 ലക്ഷത്തിലേറെ പേര്‍ നിലവില്‍ രോഗബാധിതരാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ ‘എയര്‍ഫിനിറ്റി’ പുറത്തുവിടുന്ന വിവരം.
Story Highlights: Covid negative certificate mandatory for those coming from six countries; Central Government