ആര്യങ്കാവ്: കൊല്ലത്ത് മായം ചേര്‍ത്ത പാല് ക്ഷീരവികസന വകുപ്പ് പിടികൂടിയ സംഭവത്തില്‍ പാലിന്റെ പരിശോധനാ ഫലം പുറത്ത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കണ്ടെത്താനായില്ല. പാലില്‍ കൊഴുപ്പിന്റെ കുറവ് മാത്രമാണ് കണ്ടെത്താനായതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ജനുവരി 11നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല് ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. 15300ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി അഞ്ചു ദിവസമായി പൊലീസ് സ്റ്റേഷനിലാണുള്ളത്.
തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 15300 ലിറ്റര്‍ പാലാണ് പിടികൂടിയത്. ടാങ്കറില്‍ കൊണ്ടുവന്ന പാല് ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചായിരുന്നു പിടികൂടിയത്. ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് മായം കലര്‍ത്തിയ പാല് കണ്ടെത്തി പിടികൂടിയത്. തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്ന് പത്തനംതിട്ടയിലെ പന്തളത്തേക്ക് കൊണ്ടുപോവുകയായിരുന്നു പാല്.
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ത്തിയ പാല് കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്.
കെഎല്‍ 31 എല്‍ 9463 എന്ന ലോറിയിലാണ് പാല് കൊണ്ടുവന്നത്. സാംപിള്‍ വൈകി ശേഖരിച്ച് പരിശോധിച്ചതിനാല്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുമോയെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.
STORY HIGHLIGHTS: In the case of adulterated milk seized by Dairy Development Department in Kollam, the test results of the milk are out