ദാവൂസ്: യുഎസ്- സൗദി പങ്കാളിത്തത്തിന് ആഗോള സാമ്പത്തിക വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതില്‍ മുഖ്യപങ്കെന്ന് സൗദി അറേബ്യ. സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനാണ് യുഎസുമായുള്ള സൗദിയുടെ ബന്ധം ആഗോള സാമ്പത്തിക വിപണിയുടെ സ്ഥിരത നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടത്. ദേവോസില് ലോകസാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സൗദി വിദേശകാര്യമന്ത്രി.
അതേസമയം എണ്ണ ഉല്പാദനം വെട്ടിക്കുറക്കാനുള്ള ഒപിഇസി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഫൈസല്‍ ബിന്‍ ഫര്ഹാന് അറിയിച്ചു. ആഗോള ഊര്‍ജ്ജം, ഉയര്‍ന്ന കോസ്റ്റ് ഓഫ് ലിവിങ്ങ് പ്രതിസന്ധി എന്നിവ സംബന്ധിച്ച ചര്‍ച്ചയിലാണ് ബിന്‍ ഫര്ഹാന് എണ്ണ ഉല്പാദനം വെട്ടികുറക്കാനുള്ള സൗദിയുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ യുഎസ് സൗദിയുടെ നിലപാടിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ യുഎസുമായി ശക്തമായ ബന്ധമാണ് സൗദി ഇപ്പോഴും നിലനിര്‍ത്തുന്നതെന്നും ഫൈസല്‍ ബിന്‍ ഫര്ഹാന് ചൂണ്ടിക്കാട്ടി.
അതേസമയം എല്ലാ വിഷയങ്ങളിലും തങ്ങള്‍ യോജിക്കുന്നുവെന്ന് അതിന് അര്‍ഥമില്ല. ചില വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിയോജിപ്പ് നിലനില്‍ക്കുന്നുണ്ടെന്നും സൗദി വിദേശകാര്യമന്ത്രി സൂചിപ്പിച്ചു. യുഎസുമായി സൗദിക്കുള്ള ശക്തമായ പങ്കാളിത്തം തുടരുമെന്ന് ഫൈസല്‍ ബിന്‍ ഫര്ഹാന് വ്യക്തമാക്കി. സൗദി അറേബ്യ ഭാവിയില്‍ ശുദ്ധ ഊര്‍ജ്ജത്തിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. എന്നാല്‍ മാറ്റം സാധ്യമാകണമെങ്കില്‍ പതിറ്റാണ്ടുകള്‍ തന്നെ വേണ്ടിവരുമെന്ന് സൗദി ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങള്‍ക്ക് പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നതാണ് കൂടുതല്‍ മെച്ചമെന്നും സൗദി വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു.
Story Highlights: Saudi-US partnership on energy ‘key to global recovery,’ FM Prince Faisal tells WEF