ആലപ്പുഴ: അശ്ലീല വീഡിയോ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിക്കൊരുങ്ങി സിപിഐഎം. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായ പിഡി ജയന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഐഎം തീരുമാനിച്ചത്. പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. അശ്ലീല വീഡിയോ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചതിന് ഏരിയ കമ്മറ്റിയംഗം എ പി സോണയെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
പരാതിയില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടാണ് ജയന് പരാതിക്കാരെ ഭീഷണിപ്പെടുത്തിയത്.ഇതിന് പുറമെ നടപടി നേരിട്ട സോണയ്ക്ക് ഫേസ്ബുക്കിലൂടെ പിന്തുണയും അറിയിച്ചിരുന്നു. സോണയെ സിഐടിയുവില്‍ നിന്നും പുറത്താക്കും. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ എടുത്ത തീരുമാനത്തെ തുടര്‍ന്നുള്ള സ്വാഭാവിക നടപടിയാണിത്. സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉടന്‍ ഏരിയാ കമ്മിറ്റി യോഗം ചേരുമെന്ന് സിപിഐഎം അറിയിച്ചു. ജില്ലാ കമ്മിറ്റിയില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചാലുടന്‍ ഇന്നോ നാളെയോ യോഗം വിളിക്കുമെന്ന് ഏരിയാ നേതൃത്വം പറഞ്ഞു.
സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചെന്നുള്പ്പടെയുള്ള പരാതികള്‍ സംസ്ഥാന കമ്മിറ്റിക്കാണ് ലഭിച്ചത്. തുടര്‍ന്ന് രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് പരാതി അന്വേഷിക്കുകയായിരുന്നു. രണ്ടുമാസം മുമ്പായിരുന്നു സംഭവം. സോണ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്ന് പാര്‍ട്ടിയില്‍ സ്ത്രീയുടെ പരാതിയുയര്‍ന്നിരുന്നു. പരാതിക്കൊപ്പം സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമര്‍പ്പിച്ചിരുന്നു. സഹപ്രവര്‍ത്തകയുടെ അടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് സോണയുടെ ഫോണിലുണ്ടായിരുന്നത്.
STORY HIGHLIGHTS: alappuzha cpim to take action against more party members